മെഡിക്കല്‍ പ്രവേശനം: കരാര്‍ വൈകുന്നെന്ന ഹര്‍ജിയില്‍ സ്വാശ്രയ കോളേജുകള്‍ക്ക് നോട്ടീസ്‌

Posted on: 08 Sep 2015കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി സര്‍ക്കാര്‍ കരാറുണ്ടാക്കാന്‍ വൈകുന്നുവെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് നോട്ടീസിന് ഉത്തരവിട്ടു. ഏഴ് കോളേജുകളുമായി കരാറുണ്ടാക്കി; ആറെണ്ണവുമായി കരാറുണ്ടാക്കാനായിട്ടില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിട്ടുണ്ട്.
പൊതുപ്രവേശന പരീക്ഷയിലെ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് സ്വാശ്രയ കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ഉറപ്പാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാറിനു വേണ്ടി സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ റോഷന്‍ അലക്‌സാണ്ടര്‍ ബോധിപ്പിച്ചു.
അനുമതിയുണ്ടായിട്ടും കരാറൊപ്പിടാത്ത കോളേജുകള്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ നിഷേധിക്കുമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കരാര്‍ വൈകുന്നതിനാല്‍ മെറിറ്റ് പട്ടികയിലെ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹിക്കുന്ന പ്രവേശനം കിട്ടില്ലെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശിനി അഞ്ജു എം. വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണിത്. കരാറൊപ്പിടാത്ത കോളേജുകള്‍ക്ക് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് നല്‍കാനാണ് ജസ്റ്റിസ് കെ. സുരേന്ദ്ര മോഹനും ജസ്റ്റിസ് ഷാജി പി. ചാലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
കോഴിക്കോട് മുക്കം കെ.എം.സി.ടി., പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കുറ്റിപ്പുറം എം.ഇ.എസ്., കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് എന്നിവ ഈ വര്‍ഷവും കരാറിന് തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം കരാറൊപ്പിട്ട മീയന്നൂര്‍ അസീസിയ ഈ വര്‍ഷം വിട്ടുനിന്നു. അതുള്‍പ്പെടെയുള്ള കരാറൊപ്പിടാത്ത ആറ് കോളേജുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ആ കോളേജുകളെ കരാറിന് പ്രേരിപ്പിക്കാന്‍ വേണ്ടി എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കാനും ആരോഗ്യ സര്‍വകലാശാലയോട് അഫിലിയേഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ വിലക്കാനും തീരുമാനമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തൊടുപുഴ അല്‍ അസര്‍, വയനാട് ഡി.എം.വിംസ്, തിരുവനന്തപുരം ശ്രീ ഗോകുലം, ഒറ്റപ്പാലം പി.കെ. ദാസ് മെമ്മോറിയല്‍, കോഴിക്കോട് അത്തോളി മലബാര്‍ മെഡിക്കല്‍ കോളേജ്, പത്തനംതിട്ട മൗണ്ട് സിയോന്‍ എന്നീ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി കിട്ടിയിട്ടില്ല.
പരിയാരത്തിനു പുറമെ, തൃശ്ശൂര്‍ അമല, ജൂബിലി മിഷന്‍, കോലഞ്ചേരി മെഡിക്കല്‍ കോളേജ്, തിരുവല്ല പുഷ്പഗിരി, തിരുവനന്തപുരം എസ്.യു.ടി., കാരക്കോണം മെഡിക്കല്‍ കോളേജ്, നോര്‍ത്ത് കുത്തിയതോട് ശ്രീനാരായണ എന്നീ ഏഴ് കോളേജുകളാണ് സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളത്.

More Citizen News - Ernakulam