ആറ് മാസം പിന്നിട്ട് നേര്യമംഗലം കുടില്‍കെട്ടി സമരം

Posted on: 08 Sep 2015


എ.കെ. ജയപ്രകാശ്‌തിരിഞ്ഞുനോക്കാതെ അധികൃതര്‍

നേര്യമംഗലം:
ഒരുതുണ്ട് ഭൂമിക്കായി നേര്യമംഗലത്ത് ആദിവാസികള്‍ കുടില്‍ കെട്ടി സമരം ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നഗരവാസികള്‍ക്കും മറ്റും ചിന്തിക്കാന്‍ പോലുമാകാത്തത്ര ദുരിതത്തിലാണ് ഇവര്‍ അതിജീവനത്തിനായി പോരാടുന്നത്. റവന്യു വകുപ്പും ട്രൈബല്‍ വകുപ്പും തമ്മിലുള്ള ശീതസമരമാണ് ആദിവാസികളുടെ പട്ടയം കൊടുക്കല്‍ അനന്തമായി നീളുന്നതെന്നാണ് ആക്ഷേപം.
ജില്ലയിലെ 120 ആദിവാസി കുടുംബങ്ങള്‍ക്കായി നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിന്റെ അധീനതയിലായിരുന്ന നാല്പത് ഏക്കര്‍ സ്ഥലം 2007-ല്‍ അളന്ന് തിരിച്ചിട്ടു. 102 പ്ലോട്ടും തിരിച്ച് നമ്പറിട്ടു. വനാതിര്‍ത്തിയോടു ചേര്‍ന്ന് പെരിയാറിന്റെ തീരത്താണ് പദ്ധതി പ്രദേശം. ഇതില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയതോെടയാണ് പ്രശ്‌നം സങ്കീര്‍ണമായത്.
പിന്നീട് 2015 വരെ ആരും ഭൂമിക്കായി ശ്രമം നടത്തിയില്ല. ഇതിനിടെ ഭൂമിയില്‍ രണ്ട് വര്‍ഷത്തോളം ജില്ലാ ഭരണകൂടവും ജില്ല ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് ഹരിത പര്‍വം പച്ചക്കറികൃഷി പദ്ധതി നടപ്പാക്കി. ഈ പദ്ധതി അനാഥമായതോടെ നാട്ടുകാരില്‍ ചിലര്‍ ഇവിടെ ഏക്കറുകണക്കിന് ഭൂമി ൈകയേറി വാഴ, കപ്പ, ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്യുകയായിരുന്നു.
ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ ൈകയേറ്റം നടന്നതായുള്ള വാര്‍ത്തയെ തുടര്‍ന്നാണ് ഭൂമി പിടിച്ചെടുത്ത് തലയ്ക്കല്‍ ചന്തു ഗ്രാമമെന്ന് പേരിട്ട് കുടില്‍കെട്ടി സമരം ആരംഭിച്ചത്. എന്നാല്‍ സമരത്തെ അധികാരികള്‍ പൂര്‍ണമായും അവഗണിച്ചു.
സമരപ്പന്തലില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ ആദിവാസി യുവതിയുടെ പ്രസവവും പ്രായമായവരും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെട്ടതുമെല്ലാം വിവാദത്തിലായപ്പോഴും അധികാരികള്‍ നിസ്സംഗത പാലിക്കുകയായിരുന്നു.
വേനലില്‍ കുടിവെള്ളം കിട്ടാതെയും മഴക്കാലത്ത് കാറ്റില്‍ കുടിലുകള്‍ നശിച്ചും പ്രാഥമിക സൗകര്യങ്ങളൊന്നും ഇല്ലാതെയാണ് ഇവര്‍ കഴിയുന്നത്. സന്ധ്യ കഴിഞ്ഞാല്‍ കൂരിരുട്ടില്‍ സ്ത്രീകളും കുട്ടികളും ഭീതിയിലാണ്. 80-ഓളം കുടുംബങ്ങളാണ് ഇവിടെ കുടില്‍ കെട്ടി സമരം നടത്തുന്നത്. എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള കുടുംബങ്ങളാണ് കുടില്‍ കെട്ടി സമരം ചെയ്തത്.
അപേക്ഷ സ്വീകരിച്ച് അര്‍ഹരുടെ ലിസ്റ്റ് ജില്ല ട്രൈബല്‍ വകുപ്പ് റവന്യു വകുപ്പിന് നല്‍കാത്തതാണ് പട്ടയം നല്‍കുന്നത് വൈകുന്നതെന്ന് കോതമംഗലം തഹസില്‍ദാര്‍ പറയുന്നു. എന്നാല്‍, അര്‍ഹരായ ആദിവാസികളുടെ ലിസ്റ്റ് പലകുറി താലൂക്ക് ഓഫീസില്‍ നല്‍കിയതാണെന്നാണ് ട്രൈബല്‍ വകുപ്പ് നല്‍കിയ വിശദീകരണം.
റവന്യു വകുപ്പ് അനര്‍ഹരുടെ പട്ടയം തിരികെ വാങ്ങി റദ്ദാക്കാന്‍ നടപടിയെടുക്കാത്തതാണ് പട്ടയം നല്‍കുന്നത് വൈകാന്‍ കാരണം. റവന്യു-ട്രൈബല്‍ വകുപ്പ് അധികാരികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് അര്‍ഹതപ്പെട്ട ആദിവാസികള്‍ക്ക് എത്രയും വേഗം ഭൂമിയും വീടും നല്‍കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പട്ടയം നല്‍കാത്തതില്‍ പ്രതിഷേധിച്ച് 18 ന് ജില്ല കളക്ടറുടെ വസതിക്കു മുമ്പില്‍ ഉപവാസ സമരം നടത്താനും സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


More Citizen News - Ernakulam