അര നൂറ്റാണ്ടിന്റെ ഓര്‍മകളുമായി അവര്‍ ഒത്തുകൂടി

Posted on: 07 Sep 2015ചെറായി: രാവിലെ പത്ത് മണിക്ക് സ്‌കൂള്‍ മണി മുഴങ്ങിയപ്പോള്‍ അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളായി അവര്‍ മാറി. കൂട്ടുകാര്‍ക്ക് തൊട്ടടുത്ത് തന്നെ സ്ഥാനം പിടിക്കാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം. എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്‌കൂള്‍ എന്നറിയപ്പെടുന്ന എടവനക്കാട് ഹൈസ്‌കൂളിലെ 1967-68 അദ്ധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ കൂട്ടുകാരെയും അദ്ധ്യാപകരെയും വീണ്ടും കാണാന്‍ അവസരമൊരുക്കിയത്.
കവി കൂടിയായ ധര്‍മ്മന്‍ തച്ചങ്ങാടാണ് ഇത്തരമൊരു കൂട്ടായ്മയൊരുക്കുന്നതിന് ആദ്യമായി ആഗ്രഹം പ്രകടിപ്പിച്ചത്. പഴയകാല കൂട്ടുകാരോടെല്ലാം ഈ ആഗ്രഹം പങ്കുവെച്ചപ്പോള്‍ അവര്‍ക്കെല്ലാം ആവേശമായി. ധര്‍മ്മന്‍ തച്ചങ്ങാട്, ജയരാജ്, രാധാകൃഷ്ണന്‍, ഡോ. അബ്ദുള്‍ ഗഫൂര്‍, സുധീര്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായി പത്ത് പേരടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചായി പ്രവര്‍ത്തനം. ടെലിഫോണിലൂടെയും നേരിട്ടും സോഷ്യല്‍ മീഡിയ വഴിയുമെല്ലാം പഴയ കാല കൂട്ടുകാരെ കണ്ടെത്താനായി വിനിയോഗിച്ചെന്ന് സംഘാടകര്‍ പറഞ്ഞു. ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസുകാരും കലാകാരന്മാരുമൊക്കെയായി സേവനമനുഷ്ഠിച്ച പൂര്‍വവിദ്യാര്‍ത്ഥികളില്‍ മിക്കവാറും പേര്‍ റിട്ടയര്‍മെന്റ് ജീവിതത്തിന്റെ തുടക്കത്തിലെത്തിയിരുന്നു.
സ്‌കൂള്‍ബെല്ലിനു ശേഷം പഴയകാല അധ്യാപകര്‍ ഓരോരുത്തരായി എത്തിയപ്പോള്‍ ശിഷ്യഗണങ്ങള്‍ പ്രായം മറന്ന് വിദ്യാര്‍ത്ഥികളായി എഴുന്നേറ്റ് നിന്നു. വനിതകള്‍ അടക്കം എണ്‍പതോളം പേര്‍ കൂട്ടായ്മയുടെ ഭാഗമായി. പ്രാര്‍ത്ഥനയ്ക്ക് ശേഷം അസംബ്ലിയായിരുന്നു. തുടര്‍ന്ന് സീനിയര്‍ അധ്യാപകനായ പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പൂര്‍വവിദ്യാര്‍ത്ഥികളുടെ ഊഴമെത്തിയപ്പോള്‍ പഴയ കാല സംഭവങ്ങളോരോന്നും അവതരിപ്പിച്ചപ്പോള്‍ ചിരിയടക്കാതിരിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. പണ്ട് പഠിപ്പിച്ച പാഠഭാഗങ്ങള്‍ ഓര്‍മയില്‍ നിന്നെടുത്ത് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചപ്പോള്‍ അദ്ധ്യാപകര്‍ക്ക് വിസ്മയമായിരുന്നു. ഏകദേശം അമ്പത് വര്‍ഷത്തോളമെത്തുന്ന ഓര്‍മകളായിരുന്നു എല്ലാവര്‍ക്കും പഴയ സ്‌കൂളിനെക്കുറിച്ച് പറയാനുണ്ടായിരുന്നത്. തുടര്‍ന്ന് നടന്ന ഗുരുവന്ദനത്തില്‍ ആ കാലഘട്ടത്തിലെ അദ്ധ്യാപകരായ പ്രകാശന്‍, ജോണ്‍, രാധാകൃഷ്ണന്‍, ഗംഗാധരന്‍, സതീദേവി, സുധ, മാലതി, റോസി എന്നിവരെ ആദരിച്ചു. അദ്ധ്യാപകരെ വന്ദിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ പൊന്നാട അണിയിച്ചു.
ഉച്ചഭക്ഷണത്തിനു ശേഷം പൂര്‍വവിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങളായിരുന്നു. ഡോ. അബ്ദുള്‍ ഗഫൂര്‍, ദിനചന്ദ്രന്‍, കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഗാനമേള അവതരിപ്പിച്ചു. ചടങ്ങില്‍ ജയരാജ് സ്വാഗതവും സുധീര്‍ നന്ദിയും പറഞ്ഞു. ധര്‍മ്മന്‍ തച്ചങ്ങാട് അദ്ധ്യക്ഷനായി. വൈകുന്നേരം നാല് മണിയുടെ ബെല്‍ മുഴങ്ങിയപ്പോള്‍ വീണ്ടും കൂടാമെന്ന പ്രഖ്യാപനത്തോടെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സ്‌കൂള്‍ അടച്ച് പിരിഞ്ഞു.

More Citizen News - Ernakulam