ഇടതുമുന്നണിക്കാര്‍ ഈഴവ സമുദായത്തെ വേട്ടയാടുന്നു - വെള്ളാപ്പള്ളി

Posted on: 07 Sep 2015കുമ്പളങ്ങി: ഇടതുമുന്നണി നേതാക്കള്‍ ഈഴവ സമുദായത്തെ വേട്ടയാടുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുമ്പളങ്ങിയില്‍ യോഗം സൗത്ത് ശാഖ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം നേതാക്കള്‍ പ്രാകൃത സംസ്‌കാരത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണ്. കണ്ണൂരില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയില്‍ ഗുരുദേവനെ കുരിശിലേറ്റിയ നിശ്ചലദൃശ്യം അവതരിപ്പിച്ചു. ഇത് ഈഴവ സമുദായത്തെ വേദനിപ്പിക്കുന്നതാണ്. സിപിഎം നേതാക്കളുടെ തലയ്ക്ക് ഓളമാണ്. അധികാരക്കൊതിമൂത്ത്, ഭരണം പിടിക്കാനുള്ള ഓട്ടത്തിലാണവര്‍.
അവസരവാദ രാഷ്ട്രീയമാണിവരുടേത്. മുമ്പ് ഗുരുവിന്റെ ചിത്രം പാര്‍ട്ടി പത്രത്തില്‍ പോലും കൊടുത്തിരുന്നില്ല. ഗുരുവിന്റെ ചില ദര്‍ശനങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് സമുദായത്തെ തകര്‍ക്കാന്‍ നോക്കരുത്. യോഗത്തിന്റെ ഭരണഘടനയനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും എസ്എന്‍ഡിപി മാത്രം ജാതി പറയരുതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി ഈഴവരുടെ സംഘടനയാണ്.
ഇടതു-വലതു മുന്നണികള്‍ ന്യൂനപക്ഷ പ്രീണനം തുടരുകയാണെന്നും ന്യൂനപക്ഷ സമുദായങ്ങള്‍ അവകാശങ്ങള്‍ പിടിച്ചുവാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവര മഠാങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ കെ.കെ. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് എ.കെ. സന്തോഷ്, എം.എസ്. സാബു, കെ.ആര്‍. ചന്ദ്രന്‍, എന്‍.എന്‍. സുഗുണപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam