അവര്‍ പുണ്യഭൂമിയിലേക്ക് പറന്നു; പ്രായം തളര്‍ത്താത്ത മനസ്സുമായി.....

Posted on: 07 Sep 2015നെടുമ്പാശ്ശേരി: പ്രായവും അനാരോഗ്യവും ശരീരത്തെ തളര്‍ത്താന്‍ തുടങ്ങിയെങ്കിലും പുണ്യഭൂമിയിലേക്ക് പറന്നെത്താനുള്ള അവരുടെ ആവേശത്തിന് ഒട്ടും ക്ഷീണമില്ല. മനസ്സും ശരീരവും സ്രഷ്ടാവില്‍ അര്‍പ്പിച്ചാണ് അവര്‍ പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്. പ്രായാധിക്യവും അനാരോഗ്യവും മൂലം കഷ്ടപ്പെടുന്ന നിരവധി പേര്‍ ഇത്തവണ ഹജ്ജ് കര്‍മത്തിനായി പുറപ്പെടുന്ന സംഘത്തില്‍ ഉണ്ട്. കഴിഞ്ഞ ദിവസം യാത്രയായ സംഘത്തില്‍ വിവിധ ജില്ലകളില്‍ നിന്നുമെത്തിയ 6 പേരാണ് നടക്കാന്‍ കഴിയാത്തതുമൂലം വീല്‍ ചെയറില്‍ യാത്രയായത്. വയനാട് സ്വദേശി മറിയം, കൊടുവള്ളി സ്വദേശി കുഞ്ഞിപാത്തു, ആലപ്പുഴ സ്വദേശി ഫാത്തിമ ബീവി, കണ്ണൂര്‍ സ്വദേശി അയിശു, കണ്ണൂര്‍ സ്വദേശി അസ്സു കുഞ്ഞാപ്പു, കണ്ണൂര്‍ സ്വദേശി ഉമ്മര്‍ എന്നിവരാണ് ഞായറാഴ്ച വീല്‍ ചെയറില്‍ യാത്രയായത്. ഭര്‍ത്താക്കന്മാരോടും മക്കളോടുമൊപ്പമാണ് ഇവരുടെ യാത്ര. കണ്ണൂര്‍ സ്വദേശി അസ്സു ഭാര്യയോടൊപ്പമാണ് പുറപ്പെട്ടത്. പല അസുഖങ്ങള്‍ മൂലമാണ് ഇവര്‍ക്ക് നടക്കാന്‍ കഴിയാത്തത്. കാലില്‍ നീര് വന്നവരും നടുവിന് സുഖമില്ലാത്തവരും മുട്ടുകാലില്‍ വേദനയുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഹജ്ജ് ക്യാമ്പില്‍ പ്രാഥമിക കര്‍മങ്ങള്‍ക്ക് പോകുന്നതിനും മറ്റും ക്യാമ്പ് വളണ്ടിയര്‍മാര്‍ ഇവരുടെ സഹായത്തിനെത്തുന്നുണ്ട്. വിമാനത്താവളത്തില്‍ എത്തിയ ശേഷവും ചില ക്രമീകരണങ്ങള്‍ ആവശ്യമായതിനാല്‍ ക്യാമ്പില്‍ നിന്ന് വിമാനത്താവളത്തിലേക്ക് തീര്‍ഥാടകരെ എത്തിക്കുന്ന ബസ്സില്‍ അവസാന ട്രിപ്പിലാണ് വീല്‍ ചെയറില്‍ യാത്ര ചെയ്യുന്നവരെ കൊണ്ടുപോകുന്നത്. അനാരോഗ്യം അലട്ടുന്നുണ്ടെങ്കിലും ഹജ്ജിന് പോകാന്‍ സാധിച്ചതിലുള്ള സന്തോഷവും സംതൃപ്തിയും ഇവരുടെ മുഖത്ത് കാണാം.


More Citizen News - Ernakulam