പാട്ടിന്റെ വിസ്മയം തീര്‍ത്ത് 'സ്റ്റാര്‍സിങ്ങര്‍ ഗ്രാന്‍ഡ് ഫിനാലെ'

Posted on: 07 Sep 2015
പിറവം:
മാസ്മര സംഗീതത്തില്‍ മയങ്ങിയ അപൂര്‍വമായ ഒരു സന്ധ്യ. പാടിപ്പതിഞ്ഞ സിനിമാ ഗാനങ്ങള്‍ തനിമ ചോരാതെ യുവ ഗായകര്‍ ആലപിച്ചപ്പോള്‍ പിറവത്ത് നടന്ന സ്റ്റാര്‍സിങ്ങര്‍ ഗ്രാന്‍ഡ് ഫിനാലെ സദസ്സിന് സംഗീത വിരുന്നായി.
ഓണം ഗ്രാമോത്സവത്തിന്റെ ഭാഗമായി പിറവം ഗ്രാമപഞ്ചായത്ത്, പിറവത്തെ സൈനോജ് കലാ കേന്ദ്രവുമായി ചേര്‍ന്നൊരുക്കിയ സ്റ്റാര്‍സിങ്ങര്‍ മത്സരത്തില്‍ 12 യുവ പ്രതിഭകള്‍ മാറ്റുരച്ചു. ഗ്രാന്‍ഡ് ഫിനാലെ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അന്നമ്മ ഡോമി, അംഗങ്ങളായ പി.കെ. പ്രസാദ്, സി.എം. പത്രോസ്, ജമ്മര്‍ മാത്യു, കലാകേന്ദ്ര കണ്‍വീനര്‍ സണ്ണി മണപ്പാട്ട്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.ടി. പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
റിയാലിറ്റി േഷാ മാതൃകയില്‍ മത്സരാര്‍ഥികള്‍ക്ക് മൂന്ന് റൗണ്ടിലായി മൂന്ന് പാട്ടുകള്‍ പാടാന്‍ അവസരം നല്‍കി. ശ്രീഹരി എസ്. കളമശ്ശേരി, അപര്‍ണ കെ. രഘുനാഥ് രവിപുരം, ദിലു റെയ്ച്ചല്‍ ജോര്‍ജ് പിറവം, വിവേക് വി. പാഴൂര്‍, ഗായത്രി സുരേഷ് പാല, വിനായക് ആര്‍. നെച്ചൂര്‍, അഞ്ജു അമല്‍ നാമക്കുഴി, ശ്രദ്ധ ശശി കൂത്താട്ടുകുളം, അജയ് വി. ജോണ്‍ കക്കാട്, വിഷ്ണു മുരുകന്‍ മുളന്തുരുത്തി, സോന സ്റ്റീഫന്‍ ഇലഞ്ഞി, ഗീതു മുരുകന്‍ മുളന്തുരുത്തി എന്നിവരാണ് ഫിനാലെയില്‍ മാറ്റുരച്ചത്.
പിന്നണി ഗായകന്‍ ഗണേഷ് സുന്ദരം, സംഗീത സംവിധായകന്‍ ജെയ്‌സണ്‍ ജെ. നായര്‍, ആകാശവാണി തിരുവനന്തപുരം ലളിതഗാന വിഭാഗം മേധാവി ലീല ജോസഫ് എന്നിവര്‍ വിധികര്‍ത്താക്കളായി.
ചിറ്റ്‌ചോര്‍ എന്ന ഹിന്ദി സിനിമയിലെ യേശുദാസിന്റെ വിഖ്യാതമായ 'ജസ് ഭി ചലേ ആയേ', കാറ്റത്തെ കിളിക്കൂടിലെ 'ഗോപികേ', പ്രണയവര്‍ണങ്ങളിലെ 'വരമഞ്ഞളാടിയ', തൃഷ്ണയിലെ 'മൈനാകം', കന്മദം സിനിമയിലെ 'മൂവന്തി താഴ്വരയില്‍', ബാലേട്ടനിലെ
'ഇന്നലെ എന്റെ െനഞ്ചിലെ', ചമയത്തിലെ 'രാജഹംസമേ', മദനോത്സവത്തിലെ 'സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ' തുടങ്ങിയ പാടിപ്പതിഞ്ഞ പാട്ടുകളാണ് ആദ്യ റൗണ്ടില്‍ കേട്ടത്.

More Citizen News - Ernakulam