ബി.ജെ.പി. സെല്‍ ഭാരവാഹിയുടെ പരാതി; ആര്‍.എസ്.എസ്. നേതാവ് ഇന്ന് പോലീസില്‍ ഹാജരാവും

Posted on: 07 Sep 2015കൊച്ചി: ബി.ജെ.പി.യുടെ സെല്‍ കണ്‍വീനര്‍മാരുടെ അനധികൃത പിരിവുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ തിങ്കളാഴ്ച ആര്‍.എസ്.എസ്. മുന്‍ ഭാരവാഹി പോലീസില്‍ ഹാജരാവും.
അപകീര്‍ത്തിപരമായ കാര്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് സ്‌പോര്‍ട്‌സ് സെല്‍ മീഡിയ കണ്‍വീനര്‍ ഷിബു ആന്റണിയുടെ പരാതിയിന്‍മേല്‍ ആര്‍.എസ്.എസ്. മുന്‍ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് കെ.ജി. ബാലഗോപാലാണ് മരട് സ്റ്റേഷനില്‍ ഹാജരാവുന്നത്.
സെല്‍ കണ്‍വീനര്‍മാരുടെ പരാതിയില്‍ പോലീസ് വിളിച്ചുവരുത്തുന്ന രണ്ടാമത്തെയാളാണ് ബാലഗോപാല്‍. കഴിഞ്ഞ ആഴ്ച സെന്‍ട്രല്‍ സ്റ്റേഷനില്‍ ബി.ജെ.പി. പ്രവര്‍ത്തകനായ അബിജുവിനെ പോലീസ് ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയിരുന്നു. കേസെടുക്കണമെന്നും സെല്‍ കണ്‍വീനര്‍മാരുടെ പണപ്പിരിവടക്കമുള്ള കാര്യങ്ങള്‍ പോലീസിനു മുന്നില്‍ നല്‍കാമെന്നും ഹാജരായവര്‍ പറഞ്ഞെങ്കിലും പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. പോലീസ് സ്റ്റേഷനു മുന്നില്‍ അന്ന് സംഘര്‍ഷമുണ്ടാവുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.
സെല്‍ കണ്‍വീനര്‍മാര്‍ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ തിങ്കളാഴ്ചയും പോലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെടും. പോലീസിനും പാര്‍ട്ടി കമ്മീഷനു മുന്നിലും മുഴുവന്‍ തെളിവും ഹാജരാക്കാമെന്നും അതിന്റെ അടിസ്ഥാനത്തില്‍ അനധികൃത പിരിവിന് ഒത്താശ ചെയ്തവര്‍ പാര്‍ട്ടി സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാകണമെന്നുമാണ് അവരുടെ ആവശ്യം. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടാത്തത് ചിലര്‍ ബ്ലാക്‌മെയില്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിനാലാണെന്നും അവര്‍ ആരോപിക്കുന്നുണ്ട് .

More Citizen News - Ernakulam