അഡ്വ. ഫെന്നി ബാലകൃഷ്ണന് ഒരു വര്‍ഷം വിലക്ക്‌

Posted on: 07 Sep 2015കൊച്ചി: സോളാര്‍ കേസില്‍ സരിതയുടെ അഭിഭാഷകന്‍ അഡ്വ. ഫെന്നി ബാലകൃഷ്ണനെ കേരള ബാര്‍ കൗണ്‍സില്‍ ഒരു വര്‍ഷത്തേക്ക് അഭിഭാഷക വൃത്തിയില്‍ നിന്ന് വിലക്കി. അഭിഭാഷക ജോലിയുടെ അന്തസ്സിനു ചേരാത്ത പ്രവൃത്തിയുടെ ഗൗരവം കണക്കിലെടുത്താണ് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍.
നടപടിക്കെതിരെ ദേശീയ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കാന്‍ രണ്ട് മാസം അനുവദിച്ചിട്ടുണ്ട്. സോളാര്‍ കേസ് കോടതി പരിഗണിക്കവേ കോടതിക്കു പുറത്തുള്ള കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ടതായും മറ്റും ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. സ്വമേധയാ കേസെടുത്താണ് ബാര്‍ കൗണ്‍സില്‍ അക്കാര്യം അച്ചടക്ക സമിതിക്ക് വിട്ടത്.
സോളാര്‍ കേസില്‍ താന്‍ ഇടപെട്ടതിനെക്കുറിച്ച് അഡ്വ. ഫെന്നി പലപ്പോഴായി മാധ്യമങ്ങളിലൂടെ പറഞ്ഞതായി സമിതി വിലയിരുത്തി. സരിതയുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. സരിത ജയിലില്‍ വച്ച് കേസിലുള്‍പ്പെട്ടവരുടെ പേരുകള്‍ എഴുതി നല്‍കിയെന്നും അത് നശിപ്പിച്ചതോടെ പേരുകള്‍ തന്റെ മനസ്സില്‍ മാത്രമായെന്നും അഡ്വ. ഫെന്നി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന ഫെന്നി ബാലകൃഷ്ണന്റെ വിശദീകരണം അസ്വീകാര്യമാണെന്ന് സമിതി വിലയിരുത്തി. !അഡ്വ. സുധീര്‍ ഗണേഷ് കുമാര്‍, അഡ്വ. പി. സന്തോഷ് കുമാര്‍, അഡ്വ. സി.എസ്. അജിതന്‍ നമ്പൂതിരി എന്നിവരുള്‍പ്പെട്ട അച്ചടക്ക സമിതിയാണ് ഫെന്നിക്കെതിരെ നടപടി റിപ്പോര്‍ട്ട് നല്‍കിയത്.

More Citizen News - Ernakulam