നികുതിയും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത്: സി.ജെ. മാത്യു

Posted on: 07 Sep 2015കൊച്ചി: നികുതിയും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്ന് മുംബൈ കസ്റ്റംസ്, എക്‌സൈസ്, സര്‍വീസ് ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ അംഗം സി.ജെ. മാത്യു. ചരക്ക് സേവന നികുതി സംസ്ഥാനങ്ങളുടെ നികുതി വരുമാന സ്രോതസ്സുകളെ ബാധിക്കുമെന്നും നികുതി ഓഫീസുകളുടെ നിലനില്പ് തന്നെ അപകടത്തിലാക്കുമെന്നും മാത്യു പറഞ്ഞു. ചരക്ക് സേവന നികുതിയെ കുറിച്ച് കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്ക് സേവന നികുതിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നികുതികള്‍ വരുമാന മാര്‍ഗമായി കാണണം. അതില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ സമ്പദ് വ്യവസ്ഥയെ ആകെ അത് ബാധിക്കും. ചരക്ക് സേവന നികുതി നടപ്പാക്കാന്‍ ഏറ്റവും അധികം പ്രതിബന്ധം സൃഷ്ടിക്കുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന ടാക്‌സ് ബ്യൂറോക്രസി സംവിധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതി പിരിവിനായി ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നത് ഈ രംഗത്ത് നിലനില്‍ക്കുന്ന സുതാര്യത ഇല്ലായ്മയും അഴിമതിയും ഇല്ലാതാക്കാന്‍ സഹായകരമാകുമെന്ന് മാത്യു പറഞ്ഞു. നികുതി പരിഷ്‌കരണത്തിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പിന് ചരക്ക് സേവന നികുതി സമ്പ്രദായം ഉപയോഗപ്പെടുത്തുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ശത്രുതയ്ക്കും ഇത് കാരണമായേക്കാമെന്നും മാത്യു പറഞ്ഞു.
കെ.എം.എ. സീനിയര്‍ വൈസ് പ്രസിഡന്റ് മാത്യു ഉറുമ്പത്ത് സ്വാഗതവും ഓണററി സെക്രട്ടറി സി.എസ്. കര്‍ത്ത നന്ദിയും പറഞ്ഞു.

More Citizen News - Ernakulam