ഇടിമിന്നല്‍: മുപ്പത്തടത്ത് ഏഴ് വീടുകള്‍ക്ക് നാശം; വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു

Posted on: 07 Sep 2015കടുങ്ങല്ലൂര്‍: ഞായറാഴ്ച പുലര്‍ച്ചെ മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റ് മുപ്പത്തടത്ത് ഏഴ് വീടുകള്‍ക്ക് നാശം സംഭവിച്ചു. ചില വീടുകളുടെ ഭിത്തി ഇടിഞ്ഞുവീണെങ്കിലും ആളപായമൊന്നും സംഭവിച്ചില്ല. സമീപത്തെ ഇരുപതോളം വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു. മുപ്പത്തടം മില്ലുപടി കാട്ടിപ്പറമ്പില്‍ കുട്ടന്‍, വിമല, ചന്ദ്രന്‍, സാബു, ഈരക്കാട്ടില്‍ അലി, തൈക്കാട്ടില്‍ ആന്റണി, കരോട്ട് വീട്ടില്‍ സുലൈമാന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. ഇതില്‍ കുട്ടന്റെ വീടിന്റെ ഭിത്തി പാടേ തകര്‍ന്ന അവസ്ഥയിലാണ്. ഓടിട്ട വീടിന്റെ ഒരു ഭാഗം ഇടിമിന്നലില്‍ തെറിച്ചുപോയി. മേല്‍ക്കൂരയില്‍നിന്നും ഓട് ഇടിഞ്ഞുവീണു. മറ്റുഭാഗങ്ങളിലെല്ലാം വലിയരീതിയില്‍ വിള്ളലുമുണ്ടായിട്ടുണ്ട്. സമീപത്തുതന്നെയുള്ള വിമലയുടെ കോണ്‍ക്രീറ്റ് വീടിനും വിള്ളല്‍ സംഭവിച്ചു. പിന്നിലെ ജനലിന്റെ താഴെ ഒരു ദ്വാരവും രൂപപ്പെട്ടിട്ടുണ്ട്. മുറ്റംകുഴിച്ച് അതിലൂടെയാണ് പുറത്തിരിക്കുന്ന മോട്ടോറിലേക്ക് വൈദ്യുതിയെത്തിച്ചിരിക്കുന്നത്. ഈ ഭാഗത്ത് മിന്നലേറ്റ് മേല്‍മണ്ണ് തെറിച്ചുപോകുകയും കുഴി രൂപപ്പെടുകയുംചെയ്തു. കൂടാതെ മുറ്റത്ത് നിന്നിരുന്ന വാഴകള്‍ പാടേ നശിച്ചു. വാഴകള്‍ ചതഞ്ഞരഞ്ഞ അവസ്ഥയിലാണ് വീണുകിടക്കുന്നത്. ഈരക്കാട്ടില്‍ അലിയുടെ വീടിന്റെ ഭിത്തിയും ഇടിമിന്നലില്‍ തകര്‍ന്നുവീണിട്ടുണ്ട്. ഈ മൂന്നുവീടുകളിലേയും വൈദ്യുതി മീറ്റര്‍ കത്തിനശിച്ചു. ഇത്രയൊക്കെ നാശങ്ങളുണ്ടായെങ്കിലും ആളപായമൊന്നും സംഭവിച്ചില്ല. ഉറക്കത്തില്‍ വലിയ ശബ്ദത്തോടെ ഇടിവെട്ടുന്നത് കേട്ട് ഞെട്ടിയുണര്‍ന്ന വിമലയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. പിന്നീട് ആസ്​പത്രിയില്‍ ചികിത്സതേടുകയായിരുന്നു. മറ്റുള്ളവരുടെ വീടുകള്‍ക്ക് മിന്നലേറ്റ് വിള്ളലുണ്ടായെങ്കിലും വലിയ നാശമൊന്നുമുണ്ടായില്ല. ഇവരുടേതുള്‍പ്പടെ ഇരുപതോളം വീടുകളിലെ ഗൃഹോപകരണങ്ങളെല്ലാം കത്തി നശിച്ചു. ഫ്രിഡ്ജ്, ടി.വി, ഫാന്‍ തുടങ്ങിയ ഉപകരണങ്ങളാണ് കത്തിപ്പോയത്. സംഭവമറിഞ്ഞ് വാര്‍ഡ് മെമ്പര്‍ ഉഷദാസന്‍, വി.കെ.ഷാനവാസ്, വി.എം.ശശി, ടി.കെ.ഷാജഹാന്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധിളെല്ലാം അപ്പോള്‍തന്നെ സ്ഥലത്തെത്തി. രാവിലെ വില്ലേജോഫീസര്‍ കെ.എം. ജലീലും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഷറഫ് മൂപ്പന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജിന്നാസ് എന്നിവരുമെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. ഏകദേശം പത്ത്‌ലക്ഷം രൂപയുടെ നാശമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. നിര്‍ധനരായ വീട്ടുകാര്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ താങ്ങാന്‍പറ്റാവുന്നതിലുമധികമാണ് നാശമുണ്ടായിട്ടുള്ളത്. എന്നാല്‍ ഇടിമിന്നലിന് പ്രകൃതിക്ഷോഭത്തില്‍പ്പെടുത്തി ദുരിതാശ്വാസം നല്‍കില്ലെന്ന സാങ്കേതിക തടസ്സം ഇവര്‍ക്ക് ബുദ്ധിമുട്ടാകും. അതുകൊണ്ട് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ഇടപെട്ട് ക്യാബിനറ്റിന്റെ അനുമതിയോടെ പ്രത്യേക സഹായം ഏര്‍പ്പെടുത്തണമെന്നാണ് സ്ഥലത്തെത്തിയ ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നത്.


More Citizen News - Ernakulam