മരത്തിന്റെ ശിഖരങ്ങള്‍ വെട്ടി; പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞു

Posted on: 06 Sep 2015തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ കൊച്ചുപള്ളിയില്‍ ബസ് യാത്രക്കാര്‍ക്കുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് തണലേകി നിന്ന വലിയ മഴമരത്തില്‍ കോടാലി വീണു. പി.ഡബ്ല്യു.ഡി. അധികൃതരുടെ ഈ നടപടിയെ പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകരെത്തി തടഞ്ഞു. മരത്തിന്റെ വലിയ ശിഖരങ്ങള്‍ കരാര്‍ തൊഴിലാളികള്‍ വെട്ടി നിലത്തിട്ട ശേഷമാണ് പരിസ്ഥിതി പ്രവര്‍ത്തകരെത്തിയത്. കൊച്ചു പള്ളി പമ്പിന് സമീപമുള്ളതും ബലക്ഷയ മൊന്നുമില്ലാത്തതുമായ തണല്‍ മരം വെട്ടി മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ചിലരുടെ നിക്ഷിപ്ത താല്പര്യമാണ് ഈ മരം വെട്ടിമാറ്റുന്നതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. കവലയില്‍ ഇരു ഭാഗങ്ങളിലും ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് ഏറെ ആശ്വാസമാണ് ഈ വലിയ തണല്‍ മരം. വലിയ ശിഖരങ്ങള്‍ വെള്ളിയാഴ്ച വെട്ടിമാറ്റിയിരുന്നു. ശനിയാഴ്ചയും മരം വെട്ടുന്നത് തുടര്‍ന്നു. ഇതറിഞ്ഞെത്തിയ വൃക്ഷ-പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. സീതാരാമന്റെ നേതൃത്വത്തിലാണ് മരം മുറി തടഞ്ഞത്. ഈ മരം മുറിക്കുന്നത് അനധികൃതമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഉദയം പേരൂര്‍ പോലീസിനും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും പരാതി നല്‍കി. സമിതി ജില്ലാ പ്രസിഡന്റ് ടി.എന്‍. ഗോപിനാഥ്, പരിസ്ഥിതി പ്രവര്‍ത്തകരായ ഏലൂര്‍ ഗോപിനാഥ്, പീറ്റര്‍ മരട് തുടങ്ങിയവരും പ്രതിഷേധിക്കാനുണ്ടായിരുന്നു.

More Citizen News - Ernakulam