ശോഭയോടെ ശ്രീകൃഷ്ണജയന്തി ആഘോഷം

Posted on: 06 Sep 2015വീഥികള്‍ നിറഞ്ഞ് കണ്ണന്മാര്‍


കൊച്ചി:
മയില്‍പ്പീലിയും ഓടക്കുഴലുമായി രാധികമാരോടൊപ്പം ഉണ്ണിക്കണ്ണന്മാര്‍ വീഥികള്‍ നിറഞ്ഞു. താളവും മേളവും ഭക്തിമന്ത്രങ്ങളും കണ്ണന്മാരും നഗര സന്ധ്യയെ ഭക്തിസാന്ദ്രമാക്കി. ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും പഞ്ചപാണ്ഡവന്മാരും നഗരത്തെ ദ്വാപരയുഗത്തിലേക്ക് ആനയിച്ചു. കൊച്ചി മഹാനഗരം ബാലഗോകുലത്തിന്റെ ശ്രീകൃഷണ ജയന്തി ആഘോഷത്തിലാണ് കൃഷ്ണ വേഷം ധരിച്ച കുരുന്നുകളും ഗോപികമാരും കൗതുകക്കാഴ്ചയൊരുക്കിയത്.
പല തരത്തിലുള്ള നിശ്ചല ദൃശ്യങ്ങള്‍ ഭക്തരുടെ ഹൃദയം കവര്‍ന്നു. കാവടിയാട്ടം, മയിലാട്ടം, ഭജനസംഘം, കോല്‍കളി സംഘം എന്നിവയും ശോഭായാത്രയ്ക്ക് മഴവില്‍ നിറമേകി. എറണാകുളം ടൗണ്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, ചോറ്റാനിക്കര, മട്ടാഞ്ചേരി, പള്ളുരുത്തി എന്നീ പ്രദേശങ്ങളില്‍ നൂറോളം ശോഭായാത്രകളിലായി പതിനായിരത്തോളം കൃഷ്ണഭക്തര്‍ പങ്കെടുത്തു. എറണാകുളം നഗര മധ്യത്തില്‍ മറൈന്‍ഡ്രൈവില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍ ഗോകുല പതാക കൈമാറി. അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്ര ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി ജഡ്ജി പി.എസ്. ഗോപിനാഥന്‍ പതാക കൈമാറി. ടി.ഡി. ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്ര സ്വാഗത സംഘം അധ്യക്ഷന്‍ പി.ജി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജി.എസ്.ബി. ക്ഷേമസഭാ സംസ്ഥാന അധ്യക്ഷന്‍ ടി. രംഗദാസ പ്രഭു പതാക കൈമാറി. രവിപുരം ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്ര കുടുംബക്കോടതി റിട്ട. ജഡ്ജി ലീലാമണി ഉദ്ഘാടനം ചെയ്തു. രാജേന്ദ്ര മൈതാനി ജംഗ്ഷനില്‍ സംഗമിച്ച ശോഭായാത്ര മഹാ ശോഭായാത്രയായി എറണാകുളം ശിവക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. സ്വാഗത സംഘം ഭാരവാഹികളായ പി.ജി. ജയകുമാര്‍, കവി എസ്. രമേശന്‍ നായര്‍, പി.വി. അതികായന്‍, എസ്. സജികുമാര്‍, സി.ജി. രാജഗോപാല്‍, എസ്. ജയകുമാര്‍, സുധ ദിലീപ്, സുമത് ബാബു, ജി. സതീഷ് കുമാര്‍, മേലേത്ത് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മരട് ഭാഗത്തെ ശോഭായാത്ര മരട് കൊട്ടാരം ക്ഷേത്രം, തിരു അയനി ശിവക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് കൊട്ടാരം ജംഗ്ഷനില്‍ സംഗമിച്ച് പൂണിത്തുറ വളപ്പില്‍കാവ് വൈഷ്ണവ ക്ഷേത്രത്തില്‍ സമാപിച്ചു. പനങ്ങാട് വ്യാസപുരം സുബ്രഹ്മണ്യ കോതേശ്വര ക്ഷേത്രം, ഘണ്ടാകര്‍ണ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് ഉദയത്തും വാതില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. നെട്ടൂര്‍ വടക്ക് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അറയ്ക്കല്‍ മഹാകാളി ക്ഷേത്രം, തട്ട്‌ശ്ശേരി സുബ്രഹ്മണ്യ -ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുമാരംഭിച്ച് തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സംഗമിച്ച് തട്ടേക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. കുമ്പളത്ത് ശാസ്താക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് തൃക്കോവില്‍ ക്ഷേത്രത്തില്‍ സമാപിച്ചു. തൃക്കാക്കര വാഴക്കാലയില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ചെമ്പുമുക്ക് വഴി ആലിന്‍ചുവട് പൊക്കാളം മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു.
തെക്കന്‍ ചിറ്റൂര്‍ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടത്തി. നഗര സങ്കീര്‍ത്തനം, ഗോപൂജ, ശോഭായാത്ര എന്നിവ നടത്തി. ചളിക്കവട്ടം തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടത്തി. കുഴുവേലി ക്ഷേത്രത്തില്‍ നിന്ന് അലങ്കരിച്ച രഥം അമ്മന്‍ കുടങ്ങളോടും വാദ്യമേളങ്ങളോടും രാധാ കൃഷ്ണ ഗോപിക ഗോപന്മാരുടെ അകമ്പടിയോടെയും ഘോഷയാത്ര നടത്തി. കുഴുവേലി ക്ഷേത്രം മേല്‍ശാന്തി ഉദ്ഘാടനം ചെയ്തു.

More Citizen News - Ernakulam