സി.പി.എമ്മും സി.പി.ഐയും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തി

Posted on: 06 Sep 2015പറവൂര്‍: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വടക്കേക്കര വാവക്കാടും സി.പി.ഐ. ബാലവേദിയുടെ നേതൃത്വത്തില്‍ കെടാമംഗലത്തും ശ്രീകൃഷ്ണ ജയന്തി ആഘോഷവും ഘോഷയാത്രയും നടത്തി.
സി.പി.എമ്മിന്റെ കീഴിലുള്ള വാവക്കാട് ശ്രീകൃഷ്ണസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ വിപുലമായാണ് ഘോഷയാത്ര നടത്തിയത്. ശ്രീകൃഷ്ണ രഥത്തിന് മുകളില്‍ ചുവന്ന കൊടി നാട്ടിയായിരുന്നു ഘോഷയാത്ര. ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ കസവുകരയുള്ള ചുവന്ന മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചാണ് ഘോഷയാത്രയില്‍ അണിനിരന്നത്. മുത്തുക്കുട, വാദ്യമേളങ്ങള്‍, കാവടി, നിശ്ചലദൃശ്യങ്ങള്‍ എന്നിവയും ഉണ്ടായി. ഘോഷയാത്ര പുത്തന്‍പുര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. സി.പി.എം. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്തംഗവുമായ വി. എസ്. സന്തോഷ്, പഞ്ചായത്തംഗം ബില്‍ജി ബൈജു, എം. സി. വേണു, ഡിവൈഎഫ്‌ഐ നേതാക്കളായ എം. കെ. രാജീവ്, ടി. പി. സനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സി.പി.ഐ.യുടെ നേതൃത്വത്തിലുള്ള കെടാമംഗലം ബാലവേദിയുടെ നേതൃത്തിലായിരുന്നു പതാക ഉയര്‍ത്തിയതും ഘോഷയാത്ര നടത്തിയതും. രഥം, മുത്തുക്കുട, പൂത്താലം എന്നിവയും ഉണ്ടായി. എന്‍. കെ. സുതന്‍, കെ. വേലായുധന്‍ എന്നിവരെ ആദരിച്ചു. പ്രസാദ വിതരണവും ഉണ്ടായി.
സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ബാലസംഘവും ചില കേന്ദ്രങ്ങളില്‍ ഘോഷയാത്ര നടത്തി.

More Citizen News - Ernakulam