ഭരണതന്ത്രങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥിസംഘം പഞ്ചായത്ത് കമ്മിറ്റിയില്‍

Posted on: 06 Sep 2015കരുമാല്ലൂര്‍: പ്രാദേശിക സര്‍ക്കാര്‍ എന്നറിയപ്പെടുന്ന ഗ്രാമപഞ്ചായത്തിലെ ഭരണകാര്യങ്ങളെകുറിച്ച് പഠിക്കാന്‍ വിദ്യാര്‍ത്ഥിസംഘം പഞ്ചായത്തിലെത്തി. ഭരണകര്‍ത്താക്കള്‍ക്കൊപ്പം പഞ്ചായത്ത് കമ്മിറ്റിയിലിരുന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു. ചോദ്യങ്ങളും സംശയങ്ങളും പങ്കുവച്ച് അവര്‍ പഞ്ചായത്ത് ഭരണത്തെക്കുറിച്ചുള്ള അറിവ് നേടി. ആലുവ എസ്.എന്‍.ഡി.പി. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് ആലങ്ങാട് ഗ്രാമപഞ്ചായത്തില്‍ ശനിയാഴ്ച നടന്ന കമ്മിറ്റിയിലെത്തിയത്. സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു സന്ദര്‍ശനം. പഞ്ചായത്ത് കമ്മിറ്റികളില്‍ സാധാരണ പുറത്തുനിന്നുള്ള ആരേയും പങ്കെടുപ്പിക്കാറില്ല. ഇത് പഠനത്തിന്റെ ഭാഗമായതിനാലാണ് ആലങ്ങാട് പഞ്ചായത്ത് ഭരണസമിതി അവര്‍ക്ക് ഇങ്ങനെയൊരു അവസരം നല്‍കിയത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.യു.പ്രസാദ് കുട്ടികള്‍ക്ക് ഭരണകാര്യങ്ങള്‍ വിശദീകരിച്ചു നല്കി. ജനകീയാസൂത്രണപദ്ധതി പ്രകാരം പഞ്ചായത്തുകള്‍ക്ക് വലിയ അധികാരമാണ് കൈവന്നിട്ടുള്ളത്. അതില്‍തന്നെ ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിക്കുന്നത് ഗ്രാമപഞ്ചായത്തുകളാണ്. ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമസഭയും അതിലെ അംഗങ്ങളും സ്വീകരിക്കുന്ന നിലപാടുകളെ കുറിച്ച് മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സന്ദര്‍ശനം ഏറെ പ്രയോജനകരമായി. അതുപോലെ പഞ്ചായത്ത് ഭരണകര്‍ത്താക്കള്‍ക്ക് ഒരു പുത്തന്‍ അനുഭവവും.

More Citizen News - Ernakulam