ഞാറക്കല്‍ അമൃത ഹെല്‍ത്ത് സെന്ററില്‍ 'കെയര്‍' ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

Posted on: 06 Sep 2015കൊച്ചി: കാന്‍സര്‍ വിമുക്ത വൈപ്പിന്‍ എന്ന ലക്ഷ്യത്തോടെ അമൃത ആസ്​പത്രി, ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഞാറക്കല്‍ അമൃത ഹെല്‍ത്ത് സെന്ററില്‍ 'കെയര്‍' ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങി. ജസ്റ്റിസ് അനു ശിവരാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്. ശര്‍മ എംഎല്‍എ, ഡോ. ശാന്തികുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
കാന്‍സറിനെക്കുറിച്ച് വ്യക്തമായ ബോധവത്കരണം നടത്തുക, നാനോ ടെക്‌നോളജി ഉപയോഗപ്പെടുത്തി വരുന്ന പത്തു വര്‍ഷത്തിനുള്ളില്‍ ഒരാള്‍ക്ക് കാന്‍സര്‍ വരുവാനുള്ള സാധ്യതയുണ്ടോയെന്ന് പരിശോധന നടത്തുക, സാധ്യതയുള്ളവര്‍ക്ക് കാലേകൂട്ടി മികവുറ്റ ചികിത്സ ഉറപ്പാക്കുക, രോഗബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി സാമ്പത്തിക ബാധ്യത ഒഴിവാക്കുക എന്നിവയാണ് 'കെയര്‍' പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
കാന്‍സര്‍ രോഗം തടയുന്നതിനും രോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനും രോഗം ഉണ്ടോയെന്ന് കണ്ടുപിടിക്കുന്നതിനും വിവിധ ക്യാമ്പുകള്‍ അമൃത ആശുപത്രിയുടെ നേത്യത്വത്തില്‍ ഞാറക്കല്‍ അമൃത കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററില്‍ 'െകയര്‍' പദ്ധതിയുടെ ഭാഗമായി നടത്തും. ഇതിനു വേണ്ട പരിശോധനകള്‍ ക്യാമ്പ്, അമൃത ആശുപത്രി, എറണാകുളം ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നടത്തും.

More Citizen News - Ernakulam