സി.ഐ.ടി.യു. തൊഴിലാളിയുടെ മരണം ; പരാതി നല്‍കാനെത്തിയ നാട്ടുകാരെ പോലീസ് വിലക്കി മുഖ്യമന്ത്രി നേരിട്ടെത്തി പരാതികള്‍ വാങ്ങി

Posted on: 06 Sep 2015കൂത്താട്ടുകുളം: ഇലഞ്ഞിയിലെ സി.ഐ.ടി.യു. തൊഴിലാളി പൊന്‍കുറ്റി വാളക്കൊട്ടില്‍ മാത്യു കുര്യന്റെ (അപ്പച്ചന്‍-48) മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ടുള്ള നാട്ടുകാരുടെ പരാതി നല്‍കാന്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനെത്തിയവരെ പോലീസ് തടഞ്ഞു. ഇലഞ്ഞി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലാണ് ജന പ്രതിനിധികള്‍ ഉള്‍െപ്പടെയുള്ളവരെ പോലീസ് തടഞ്ഞത്. വേദിയില്‍ നിന്നിറങ്ങി വന്ന മുഖ്യമന്ത്രി പരാതി നേരിട്ട് വാങ്ങി.
കൂത്താട്ടുകുളം പാലക്കുഴ, തിരുമാറാടി പഞ്ചായത്തുകളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരവധി ആളുകളും സംഘടനാ ഭാരവാഹികളും നിരയായി അച്ചടക്കത്തോടെ നിവേദനം നല്‍കാനായി കാത്തിരുന്നിരുന്നു. ഇതിനിടയില്‍ നിന്നൊരു യുവാവിനെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വലിച്ചു പുറത്താക്കി. ഇത് നേരിട്ട് കണ്ട മുഖ്യമന്ത്രി പ്രസംഗത്തിനു ശേഷം വേദിയില്‍ നിന്നിറങ്ങി വന്ന് ജന പ്രതിനിധികളുടെ സഹായത്തോടെ നിവേദനങ്ങള്‍ ഏറ്റുവാങ്ങി. ഇതിനിടയില്‍ പോലീസ് സംഘം തീര്‍ത്ത സുരക്ഷാവലയത്തില്‍ മുഖ്യമന്ത്രിയും മന്ത്രി അനൂപ് ജേക്കബ്ബും കുടുങ്ങി. നിവേദനം നല്‍കാന്‍ എത്തിയവരും പോലീസും തമ്മിലുണ്ടായ ബലാബലത്തില്‍ അപേക്ഷകരില്‍ ചിലര്‍ നിലത്തുവീണു. മന്ത്രി അനൂപ് ജേക്കബ്ബും തിരക്കില്‍പ്പെട്ടു.
ഇലഞ്ഞി ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.പി. ജോസഫ്, മത്തായിക്കുഞ്ഞ് എന്നിവര്‍ ഇടപെട്ട് അപേക്ഷകള്‍ ഓരോന്നായി വാങ്ങി മുഖ്യമന്ത്രിയെ ഏല്പിക്കുകയായിരുന്നു. മരിച്ച മാത്യു കുര്യന്റെ സഹോദരനും ബന്ധുക്കളും അയല്‍വാസികളും സ്ഥലത്തെത്തിയിരുന്നു.
മാത്യു കുര്യന്റെ അമ്മ േത്രസ്യാമ്മ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ് മന്ത്രിക്കും മന്ത്രി അനൂപ് ജേക്കബ് മുഖേന പരാതി നല്‍കിയിരുന്നു. ലോക്കല്‍ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും പരാതിയുയര്‍ന്നിരുന്നു. മാത്യു കുര്യന്‍ ആത്മഹത്യ ചെയ്തു എന്ന നിലപാടിലായിരുന്നു പോലീസ്.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടതിനെ തുടര്‍ന്ന് അന്വേഷണം കഴിഞ്ഞ വ്യാഴാഴ്ച ക്രൈം ബ്രാഞ്ചിനെ എല്പിച്ചു. ഡിവൈ.എസ്. പി. പി.കെ. വിജയപ്പന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. എന്നാല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ മറ്റ് ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകരുത് എന്ന ആവശ്യം ഉന്നയിച്ചാണ് ബന്ധുക്കളും നാട്ടുകാരും പരാതിയുമായി മുഖ്യമന്ത്രിയുടെ അടുത്തെത്തിയത്.
ചിത്രവിവരണം
ഇലഞ്ഞിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ നിവേദനങ്ങള്‍ നല്‍കാന്‍ കാത്തുനിന്നവരെ പോലീസ് തടഞ്ഞപ്പോള്‍ മുഖ്യമന്ത്രി നേരിട്ടെത്തി നിവേദനങ്ങള്‍ വാങ്ങുന്നു

More Citizen News - Ernakulam