പോത്താനിക്കാട് ഗവ. എല്‍പി സ്‌കൂളിന് അവഗണന; പ്രതിഷേധവുമായി എഐവൈഎഫ്‌

Posted on: 06 Sep 2015പോത്താനിക്കാട്: പ്രവര്‍ത്തനമാരംഭിച്ചിട്ട് ഒരു നൂറ്റാണ്ടിലേറെയായ പോത്താനിക്കാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിനോടുള്ള അവഗണനയില്‍ പ്രതിഷേധവുമായി എഐവൈഎഫ് ലോക്കല്‍ കമ്മിറ്റി രംഗത്ത്.
തകര്‍ന്നു വീഴാറായ സ്‌കൂളിന്റെ കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനും സ്‌കൂളിന് വാഹനം അനുവദിക്കണമെന്നും കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ള അടക്കമുള്ളവര്‍ അധ്യാപനം നടത്തിയ സ്‌കൂളാണിത്. പോത്താനിക്കാട് പഞ്ചായത്തിലെ കൂടാതെ സമീപ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്കും ആദ്യമായി അക്ഷരജ്ഞാനം ലഭിച്ചതും ഇവിടെ നിന്നാണ്.
അധികൃതരുടെ അവഗണയില്‍ കുട്ടികളും കുറഞ്ഞതോടെ സ്‌കൂള്‍ പ്രതിസന്ധിയിലായി. അടുത്തയിടെയാണ് നില മെച്ചപ്പെടുത്തിയത്. ഇപ്പോള്‍ എഴുപതോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണ്. പഴക്കമേറിയ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് നിലം പതിക്കാറായിട്ടും അധികൃതര്‍ അവഗണിക്കുകയാണ്. രാജ്യത്ത് സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ഗ്രാമ പഞ്ചായത്തെന്ന് ഖ്യാതി ലഭിച്ച പോത്താനിക്കാടിനുള്ള അവഗണന കൂടിയായി എഐവൈഎഫ് ലോക്കല്‍ കമ്മിറ്റി ഇതിനെ വിലയിരുത്തി.
സാക്ഷരതാ ഗ്രാമമെന്ന് ഖ്യാതി നേടി ഇരുപത്തിയഞ്ച് വര്‍ഷത്തോടടുക്കുമ്പോള്‍ സ്‌കൂളിന്റെ വികസനം നടപ്പിലാക്കിയില്ലെങ്കില്‍ സമര പരിപാടികള്‍ സംഘടിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു. സപ്തംബര്‍ 8-ന് ഒരു സാക്ഷരതാ ദിനം കൂടി കടന്നുവരുമ്പോള്‍ ഇനിയും അധികൃതരുടെ അവഗണന തുടര്‍ന്നാല്‍ അത് സ്‌കൂളിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം എല്‍ദോസ് പുത്തന്‍പുര ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് എല്‍ബിന്‍ ജോയ് അധ്യക്ഷത വഹിച്ചു. എല്‍ദോ ജോസ്, അലന്‍ ഷാജി, വിഷ്ണു ശിവന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam