കാരുണ്യ ചികിത്സാ ധനസഹായം :ഗുണഭോക്താക്കളുടെ എണ്ണം 1,11,111

Posted on: 06 Sep 2015സഹായധനം 800 കോടി


കൊച്ചി:
കാരുണ്യ ചികിത്സാ ധനസഹായ പദ്ധതി 1,11,111 ഗുണഭോക്താക്കളുമായി ചരിത്ര നേട്ടത്തിലേക്ക്. പദ്ധതിയിലെ സഹായധനം 800 കോടി രൂപ കവിഞ്ഞു. കാരുണ്യ പദ്ധതിക്കായി സി.എസ്.ആര്‍. ഫണ്ടില്‍ നിന്ന് ധനം സ്വരൂപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കാരുണ്യ പദ്ധതിയുടെ അപൂര്‍വ നേട്ടത്തിന്റെ പ്രഖ്യാപനം 10ന് എറണാകുളത്ത് നടക്കും. മുഖ്യമന്ത്രി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാകും പ്രഖ്യാപനം നടത്തുകയെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു.
കാന്‍സര്‍, വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങള്‍, തലച്ചോര്‍, കരള്‍ എന്നിവയുടെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സയ്ക്കും ഹീമോഫീലിയ, പാലിയേറ്റീവ് പരിചരണത്തിനുമാണ് ആദ്യ ഘട്ടത്തില്‍ കാരുണ്യ ഫണ്ടില്‍ നിന്ന് തുക നല്‍കിയിരുന്നത്. രണ്ടാം ഘട്ടത്തില്‍ ശ്വാസകോശ രോഗങ്ങള്‍, സുഷുമ്‌നാനാഡി രോഗങ്ങള്‍ തുടങ്ങിയവയെയും ധനസഹായം കിട്ടാവുന്ന രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. താലിസീമിയ, സിക്കിള്‍സെല്‍, അനീമിയ തുടങ്ങിയ രോഗങ്ങളെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടികളായെന്നും മന്ത്രി മാണി പറഞ്ഞു.
രോഗികള്‍ക്കുള്ള ചികിത്സാ സഹായത്തിനു പുറമേ സര്‍ക്കാര്‍ ആസ്​പത്രികളില്‍ ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കാന്‍ 3.71 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രികളില്‍ കാരുണ്യ ഹോമുകള്‍ തുടങ്ങുന്നതിനും നടപടികളായിട്ടുണ്ട്. അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ രോഗിക്ക് അനുവദിച്ച ധനസഹായത്തിനു പുറമേ അവയവ ദാതാവിനുള്ള ചികിത്സയ്ക്കും തുക നല്‍കാന്‍ പദ്ധതിയായിട്ടുണ്ട്.
സംസ്ഥാന ഭാഗ്യക്കുറി രംഗം വന്‍ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നതെന്നും മന്ത്രി മാണി പറഞ്ഞു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 557 കോടിയായിരുന്നു ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം. എന്നാല്‍ ഇപ്പോള്‍ ഇത് 5445 കോടി രൂപയാണ്. ഭാഗ്യക്കുറി ഏജന്റുമാരുടെ കമ്മീഷനിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. സേവന നികുതി ഏജന്റുമാരില്‍ നിന്ന് ഈടാക്കരുതെന്ന ആവശ്യം പരിഗണിച്ച് ലോട്ടറി ക്ഷേമബോര്‍ഡ് വഴി തുക അടയ്ക്കാന്‍ തീരുമാനമായതായും മന്ത്രി പറഞ്ഞു.

More Citizen News - Ernakulam