ഹറമിലെ ജുമുഅയുടെ നിര്‍വൃതിയില്‍ ഹജ്ജ് തീര്‍ഥാടകര്‍

Posted on: 06 Sep 2015340 പേര്‍ കൂടി യാത്രയായി


കൊച്ചി:
ഹറമിലെ മസ്ജിദില്‍ ആദ്യ ജുമുഅ നിര്‍വഹിച്ച നിര്‍വൃതിയിലാണ് കേരളത്തില്‍ നിന്ന് ഹജ്ജിന് പോയ തീര്‍ത്ഥാടകര്‍. ബുധനാഴ്ചയും വ്യാഴാഴ്ചയും കേരളത്തില്‍ നിന്ന് തിരിച്ച 680 പേര്‍ക്കാണ് വെള്ളിയാഴ്ച ഹറമില്‍ ജുമാ നമസ്‌കരിക്കാന്‍ കഴിഞ്ഞത്.
340 പേര്‍ കൂടി ശനിയാഴ്ച കേരളത്തില്‍ നിന്ന് ഹജ്ജിന് യാത്രയായി. ഇതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജിന് പോയവരുടെ എണ്ണം 1360 ആയി. ശനിയാഴ്ച ഉച്ചയ്ക്ക് 1.45-നുള്ള വിമാനത്തില്‍ ജിദ്ദയിലേക്ക് യാത്രയായവരില്‍ 182 പേര്‍ പുരുഷന്‍മാരും 158 പേര്‍ സ്ത്രീകളുമാണ്. മലപ്പുറത്തെ ഷഹീദ് വടക്കേതിലാണ് സംഘത്തിനൊപ്പമുള്ള വളണ്ടിയര്‍.
ശനിയാഴ്ചത്തെ സംഘത്തില്‍ മലപ്പുറത്തുനിന്ന് 113 പേരുണ്ട്. കോഴിക്കോട്ടുനിന്ന് 73-ഉം കാസര്‍കോട്ടുനിന്ന് 38-ഉം കണ്ണൂരില്‍ നിന്ന് 32-ഉം പേര്‍ സംഘത്തിലുണ്ട്. എറണാകുളത്തുനിന്നുള്ള 20 പേരാണ് ശനിയാഴ്ച ഹജ്ജിന് യാത്ര തിരിച്ചത്.
തിരക്ക് മുന്‍കൂട്ടി കണ്ട് രാവിലെ തന്നെ പല ഹാജിമാരും നമസ്‌കാരത്തിനായി പുറപ്പെട്ടിരുന്നു. മക്കയ്ക്ക് ചുറ്റുമുള്ള മലയാളി തീര്‍ത്ഥാടകരെല്ലാം രാവിലെ തന്നെ ഹറമിലേക്ക് നടന്നിരുന്നു. അസീസിയ വിഭാഗത്തിലുള്ളവര്‍ക്ക് ഹറമില്‍ പോകാനും ജുമാ നമസ്‌കാരത്തിനു ശേഷം തിരിച്ചുപോകാനും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.45-നുള്ള വിമാനത്തില്‍ 340 പേര്‍ കൂടി കേരളത്തില്‍ നിന്ന് ഹജ്ജിന് യാത്രയാകും. തൃശ്ശൂരിലെ കെ. ഹബീബായിരിക്കും വളണ്ടിയര്‍.

More Citizen News - Ernakulam