മേഴ്‌സി രവിയെ അനുസ്മരിച്ചു

Posted on: 06 Sep 2015കൊച്ചി: പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള ഐക്യവും കൂട്ടായ്മയും കുറഞ്ഞുവരുന്ന ഇന്ന്, പഴയകാലത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള ഐക്യത്തിനും കൂട്ടായ്മയ്ക്കും നേതൃത്വം നല്‍കിയ മേഴ്‌സി രവി മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ മേഴ്‌സി രവി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാരോഗ്യം മൂലം വിഷമിക്കുമ്പോഴും പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും താത്പര്യങ്ങള്‍ക്ക് അവര്‍ മുന്‍തൂക്കം നല്‍കി. പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
സ്ത്രീ ശാക്തീകരണം സ്വജീവിതത്തിലൂടെ നടപ്പാക്കിയ മേഴ്‌സി രവി സ്ത്രീകള്‍ക്ക് മാതൃകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ, മുന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ പറഞ്ഞു. ജീവിതം തന്നെയാണ് തന്റെ സന്ദേശമെന്ന ഗാന്ധിജിയുടെ വാക്യം ജീവിതത്തില്‍ മേഴ്‌സി രവി പകര്‍ത്തി. വിവിധ മുഖങ്ങളുള്ള അവരുടെ ജീവിതം ആസ്വാദ്യമായ ചലച്ചിത്രം പോലെയാണ്. അവരുടെ സ്മരണ നിലനിര്‍ത്താനും ആശയങ്ങള്‍ പ്രചരിപ്പിക്കാനും ഫൗേണ്ടഷന്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കണമെന്നും ടി.കെ.എ. നായര്‍ പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് വി.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബു, പ്രൊഫ. കെ.വി. തോമസ് എം.പി., ബെന്നി ബഹനാന്‍ എം.എല്‍.എ., മുന്‍ എം.പി. കെ.പി. ധനപാലന്‍, കെ.പി.സി.സി. വക്താവ് അജയ് തറയില്‍, എ.ബി. സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. നേതാക്കളായ വയലാര്‍ രവി എം.പി., കെ.എം.ഐ. മേത്തര്‍, കെ.പി. ധനപാലന്‍, വത്സല പ്രസന്നകുമാര്‍, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എം.എല്‍.എ., കെ.പി. ഹരിദാസ്, കെ.കെ. ഇബ്രാഹിംകുട്ടി, എം.എം. അലിയാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam