രാധാകൃഷ്ണ ലീലകളുമായി ശോഭായാത്ര

Posted on: 06 Sep 2015പെരുമ്പാവൂര്‍: നഗരവീഥികളില്‍ രാധാകൃഷ്ണ ലീലകളുമായി നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ നടന്നു.
രാധാകൃഷ്ണ വേഷമണിഞ്ഞെത്തിയ നൂറുകണക്കിന് ബാലികാ ബാലന്‍മാര്‍ ശോഭായാത്രയ്ക്ക് ചാരുത പകര്‍ന്നു. താളവാദ്യ മേളങ്ങളും കാവടി, നിശ്ചലദൃശ്യങ്ങള്‍ എന്നിവകൊണ്ടും നഗര ഗ്രാമ വീഥികളെ ആഘോഷത്തിമിര്‍പ്പിലാക്കി. ഹരേകൃഷ്ണ നാമജപങ്ങളും ഭജനകളും ചിന്തുപാട്ടുകളുമായി നഗരം പ്രാര്‍ത്ഥനാമുഖരിതമായി. പെരുമ്പാവൂര്‍ ആല്‍പ്പാറ, ഇരിങ്ങോള്‍, കാളന്‍കുളങ്ങര, വട്ടയ്ക്കാട്ടുപടി, പാലക്കാട്ടുതാഴം, കാഞ്ഞിരക്കാട്, ചക്കരക്കാട്ടുകാവ്, പിഷാരിക്കല്‍, ചേലാട്ടുകാവ്, നീലംകുളങ്ങര, വാലാക്കര എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ സംഗമിച്ച് 5 മണിയോടെ മഹാശോഭായാത്ര ആരംഭിച്ചു. എന്‍.എസ്.എസ്. കുന്നത്തുനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് 7.30 ഓടെ ശോഭായാത്ര ശ്രീധര്‍മ ശാസ്താക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. വീഥികള്‍ക്കിരുവശവും കെട്ടിടങ്ങള്‍ക്ക് മുകളിലും ശോഭായാത്ര കാണാന്‍ നിരവധി പേര്‍ കാത്തുനിന്നു. ക്ഷേത്രമൈതാനിയില്‍ ഉറിയടിയും പ്രസാദവിതരണവും നടന്നു.
കൊരുമ്പശ്ശേരി, കൂടാലപ്പാട്, ഇളമ്പകപ്പിള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കൂവപ്പടിയില്‍ സംഗമിച്ച് തോട്ടുവാ ശ്രീധന്വന്തരി ക്ഷേത്രത്തില്‍ സമാപിച്ചു. കുറിച്ചിലക്കോട്, എടവനക്കാവ്, ആനയ്ക്കല്‍, വടക്കാമ്പിള്ളി, ചെട്ടിനട ക്ഷേത്രങ്ങളില്‍ നിന്ന് തുടങ്ങിയ ശോഭായാത്രകള്‍ കോടനാട് മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു. വളയന്‍ചിറങ്ങര കുന്നത്തുശ്ശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി പ്രമാണിച്ച് വിശേഷാല്‍ പൂജകള്‍ നടന്നു.
കൂട്ടുമഠം, ഞാളൂര്‍ കളരി, ഇരവിച്ചിറ, പൊന്നിടായി, പുലിമല, ആട്ടുപടി എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കുറുപ്പംപടി ടൗണില്‍ സമാപിച്ചു. കീഴില്ലം പണിക്കരമ്പലം ക്ഷേത്രത്തില്‍ ശോഭായാത്ര നടന്നു. മുടക്കുഴ, പ്രളയക്കാട്, വടൂര്‍തൃക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ വടൂര്‍ തൃക്ക ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. അശമന്നൂര്‍, നൂലേലി, കലയാംകുടി, ഓടയ്ക്കാലി, നമ്പ്യാര്‍ചിറങ്ങര, പുന്നയം, ചെറുകുന്നം, രാമപുരം, അരുവപ്പാറ എന്നിവിടങ്ങളിലും ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ നടന്നു.

More Citizen News - Ernakulam