അധ്യാപക ദിനത്തില്‍ തങ്കം ടീച്ചറെ തേടിയെത്തിയത് മന്ത്രി ശിഷ്യന്‍

Posted on: 06 Sep 2015വരാപ്പുഴ: തികച്ചും അവിചാരിതമായി മന്ത്രിയായ ശിഷ്യന്‍ വീട്ടിലെത്തിയതു കണ്ട് തങ്കം ടീച്ചര്‍ ഒന്നു പകച്ചു. വാര്‍ധക്യ സഹജമായ ഓര്‍മക്കുറവുകള്‍ക്കിടയിലും പത്താം ക്ലാസിലെ പതിഞ്ഞ സ്വഭാവക്കാരനായിരുന്ന കുട്ടിയെ ടീച്ചര്‍ പെട്ടെന്ന് ഓര്‍ത്തെടുത്തു - ഇബ്രാഹിം കുഞ്ഞല്ലേ..?
മന്ത്രി അതേയെന്ന് പറഞ്ഞപ്പോള്‍ തങ്കം ടീച്ചര്‍ വാചാലയായി. പിന്നെ സങ്കടങ്ങളും പരാതിയുമൊക്കെയായി. ഉറ്റവരെല്ലാമുണ്ടായിട്ടും 90 വയസ്സിലും ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്ന തന്റെ ദുരവസ്ഥ മന്ത്രിയോട് പറയുമ്പോള്‍ ടീച്ചറുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അല്പസമയം മന്ത്രി പഴയ വിദ്യാര്‍ഥിയായി ടീച്ചറുടെ നൊമ്പരങ്ങള്‍ കേട്ടിരുന്നു. സഹായമഭ്യര്‍ത്ഥിച്ച് ആര്‍.ഡി.ഒ. യ്ക്ക് ഉള്‍പ്പെടെ നല്‍കിയ പരാതിയില്‍ മാസങ്ങള്‍ ഏറെയായിട്ടും പരിഹാരമുണ്ടാകാത്തതിന്റെ സങ്കടങ്ങള്‍ തങ്കം ടീച്ചര്‍ മന്ത്രിയോട് വിവരിച്ചു. ടീച്ചറുടെ പ്രയാസങ്ങള്‍ കേട്ട് തോളത്തുതട്ടി സമാശ്വസിപ്പിച്ചു. സഹായ വാഗ്ദാനവും നല്‍കി. ടീച്ചറുടെ പരാതിയില്‍ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പും നല്‍കിയാണ് മന്ത്രി പടിയിറങ്ങിയത്.
അദ്ധ്യാപക ദിനത്തിലാണ് കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂളില്‍ തന്നെ പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകരെ കാണാന്‍ തിരക്കുകള്‍ക്കിടയിലും മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് കൂനമ്മാവിലുള്ള തങ്കം ടീച്ചറുടെയും കോമളവല്ലി ടീച്ചറുടെയും വീട്ടിലെത്തിയത്. മുന്നറിയിപ്പൊന്നുമില്ലാതെ മന്ത്രിയെത്തിയത് ഇരുവര്‍ക്കും അദ്ധ്യാപക ദിനത്തില്‍ മനസ്സ് നിറഞ്ഞ അനുഭവമായി. കോമളം ടീച്ചര്‍ പെട്ടെന്ന് ഒരുക്കിയ ചായയും കഴിച്ചാണ് മന്ത്രി തിരിച്ചുപോയത്. മന്ത്രി ഇബ്രാഹിം കുഞ്ഞ് ഇരുവര്‍ക്കും കേരളസാരി സമ്മാനവും നല്‍കി. ആലങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, ബ്‌ളോക്ക് പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ വേവുകാട് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

More Citizen News - Ernakulam