പെട്ടിക്കടകള്‍ക്ക് പുതിയ മുഖം നല്‍കുന്ന സ്മാര്‍ട്ട് കിയോസ്‌ക് പദ്ധതിക്ക് തുടക്കം

Posted on: 05 Sep 2015കൊച്ചി: മിഷന്‍ കൊച്ചി 15.8.15 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിഭാവനം ചെയ്ത സ്മാര്‍ട്ട് കിയോസ്‌ക് പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ ടോണി ചമ്മണി നിര്‍വഹിച്ചു.
നഗരത്തിലെ അംഗീകാരമുള്ള 150 ഓളം പഴയ പെട്ടിക്കടകള്‍ പൊളിച്ചു മാറ്റി ആധുനികവും പരിസ്ഥിതി സൗഹൃദ രീതിയിലുമുള്ള ഗാല്‍വനൈസ്ഡ് പോളിമര്‍ മെറ്റീരിയല്‍ കൊണ്ട് പുതുക്കി നിര്‍മിക്കുന്ന സ്മാര്‍ട്ട് കിയോസ്‌ക് പദ്ധതി ഒരു മാസം കൊണ്ട് പൂര്‍ത്തീകരിക്കും.
പുതുക്കി നിര്‍മിച്ച കിയോസ്‌കില്‍ നടന്ന ആദ്യ വില്പന കിയോസ്‌ക് ഉടമ പി.എ. അബ്ദുള്ളയില്‍ നിന്ന് സ്വീകരിച്ചുകൊണ്ട് കൗണ്‍സിലര്‍ ലിനോ ജേക്കബ് നിര്‍വഹിച്ചു.
സ്മാര്‍ട്ട് കിയോസ്‌ക് പദ്ധതി പ്രവര്‍ത്തന ക്ഷമമാകുന്നതോടെ അനധികൃതമായ എല്ലാ പെട്ടിക്കടകളും നഗരത്തില്‍നിന്ന് നീക്കം ചെയ്യുമെന്നും പുതിയതായി അനധികൃതമായ ഒരു പെട്ടിക്കടയും അനുവദിക്കില്ലെന്നും മേയര്‍ പറഞ്ഞു.
ഈ പദ്ധതിയുടെ കോ-ഓര്‍ഡിനേഷന്‍ ചുമതല കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.ആര്‍ 9 കമ്മ്യൂണിക്കേഷനാണ്. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍.എ. ഹോംസാണ് കിയോസ്‌കുകള്‍ നിര്‍മിക്കുന്നത്.
ചടങ്ങില്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫ്, എറണാകുളം പെട്ടിക്കട-വണ്ടിക്കട വ്യാപാരി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി.വി. പ്രവീണ്‍, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗിരിജ ദേവി എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam