റേഷന്‍ കാര്‍ഡ് തെറ്റ് തിരുത്തല്‍ തീയതി നീട്ടി, ആശയക്കുഴപ്പം തുടരുന്നു

Posted on: 05 Sep 2015കാക്കനാട്: റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കാര്‍ഡ് ഉടമകള്‍ നല്‍കിയ വിവരങ്ങളുടെ കൃത്യത ഓണ്‍ ലൈനിലൂടെ ഉറപ്പാക്കാനുള്ള അവസരം പ്രയോജനപ്പെടുത്താനാവാത്ത അവസ്ഥയിലാണ് കാര്‍ഡ് ഉടമകളില്‍ പലരും.
കമ്പ്യൂട്ടര്‍ സാക്ഷരതയില്ലാത്തവര്‍ അക്ഷയ സെന്ററിനെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ഈ മാസം 20 വരെ അവസരം നല്‍കിയിട്ടുണ്ടെങ്കിലും ഈ സമയത്തിനുള്ളിലും തിരുത്താനാവുമോ എന്ന ആശങ്കയിലാണ് ഭൂരിഭാഗം കാര്‍ഡ് ഉടമകളും.
അക്ഷയ സെന്ററിലേക്ക് പോയ കാര്‍ഡുടമകള്‍ക്ക് നിശ്ചിത തുക വാങ്ങി നാലു പേജ് കാര്‍ഡിലെ വിവരങ്ങളുടെ പകര്‍പ്പാണ് നല്‍കുന്നത്. ജന്‍മദിനം, ആധാര്‍ കാര്‍ഡ് നമ്പര്‍, ഗ്യാസ് കണക്ഷന്‍, വൈദ്യുതി വിവരങ്ങള്‍, ജല വിതരണം തുടങ്ങിയവയും പേരിലെയും വിലാസത്തിലെയും തെറ്റുകള്‍ തിരുത്തി തിരികെ ചെല്ലാനാണ് ഇത് നല്‍കുന്നത്.
വീട്ടിലെത്തി ശരിയാക്കി ചെന്നാല്‍ കാര്‍ഡ് തിരുത്തിക്കിട്ടാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നു. ഒരു കാര്‍ഡ് തിരുത്താനെടുക്കുന്നത് മണിക്കൂറുകളാണ് . തിരുത്തലുകള്‍ക്ക് മൂന്നാം പേജില്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ വണ്‍ ടൈം പാസ്വേഡ് ലഭിക്കും. ഇത് നിര്‍ദിഷ്ട കോളത്തില്‍ ടൈപ്പ് ചെയ്യുമ്പോള്‍ തിരുത്തലുകള്‍ അവസാന ഭാഗത്ത് ചേര്‍ത്ത് ബാങ്ക് ആധാര്‍ നമ്പറുകള്‍ ഉള്‍പ്പെടെ സേവ് ചെയ്ത് സൈറ്റില്‍ നിന്നും പുറത്തു പോകാനാണ് നിര്‍ദേശം. ഒറ്റത്തവണയാണ് ഈ അവസരം നല്‍കുന്നത്. തിരക്കായതിനാല്‍ ഈ സൈറ്റില്‍ കയറാന്‍ തന്നെ പാടാണ്. ഭൂരിഭാഗം കാര്‍ഡുകളിലും തെറ്റു തിരുത്താനുണ്ട്. ഒരാളുടേത് ചെയ്യാന്‍ മണിക്കൂറെടുക്കുന്നതിനാല്‍ അക്ഷയ സെന്ററില്‍ മറ്റു ജോലികള്‍ നടക്കാത്തതിനാല്‍ ജീവനക്കാര്‍ ഇതിനു താല്‍പ്പര്യമെടുക്കുന്നില്ല.
നിസ്സഹായരായ കാര്‍ഡുടമകള്‍ പിന്നീട് റേഷന്‍ കടകളിലേക്കാണ് ചെല്ലുന്നത്. റേഷന്‍ കട ജീവനക്കാരും കൈമലര്‍ത്തുന്നതോടെ മറ്റു മാര്‍ഗമില്ലാതെ നിരാശരാവുന്നു കാര്‍ഡുടമകള്‍. എട്ടു വര്‍ഷം മുന്‍പ് നിറയെ തെറ്റുകളുമായാണ് റേഷന്‍ കാര്‍ഡ് ലഭിച്ചത്. അന്ന് ഓണ്‍ ലൈനല്ലാതിരുന്നതിനാല്‍ സപ്ലൈ ഓഫീസില്‍ ദിവസങ്ങള്‍ കയറിയിറങ്ങിയാണ് തെറ്റുകള്‍ തിരുത്താനായത്.

തിരുത്തല്‍ ഓണ്‍ലൈന്‍ വഴി മാത്രം
റേഷന്‍ കാര്‍ഡ് തെറ്റുതിരുത്തല്‍ ഓണ്‍ലൈന്‍ വഴി മാത്രമേ നടത്താനാവുകയുള്ളൂ എന്നതാണ് സാധാരണക്കാരെ വലയ്ക്കുന്നത്. ഭൂമി, വരുമാനം, കുടുംബാംഗങ്ങളുടെ മറ്റു വിവരങ്ങള്‍ എന്നിവയെല്ലാം പുതിയ റേഷന്‍ കാര്‍ഡില്‍ വരുന്നുണ്ട്. കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം റേഷന്‍ കടകളില്‍ ഒരുക്കിയാല്‍ സാധാരണക്കാര്‍ക്ക് അതു പരിശോധിച്ചു തെറ്റുകള്‍ കണ്ടെത്തി തിരുത്താന്‍ കഴിയും. സാധാരണക്കാര്‍ ഓണ്‍ലൈന്‍ വഴി തെറ്റുതിരുത്താന്‍ ശ്രമിച്ചാലും അതിനു കടമ്പകള്‍ ഏറെയാണ്. ഓണ്‍ ലൈന്‍ സംവിധാനം സ്വയം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുമാണ് പ്രയോജനമാവുന്നത്. സാങ്കേതിക വിദ്യാഭ്യാസം ഇല്ലാത്ത കാര്‍ഡുടമകള്‍ക്ക് കാര്‍ഡിലെ വിവരങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കാന്‍ ലളിതമായ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് കാര്‍ഡുടമകള്‍ ആവശ്യപ്പെടുന്നു.


താലൂക്കുകളില്‍ സംവിധാനം
ജില്ലയിലെ ഏഴ് താലൂക്ക് സപ്ലൈ ഓഫീസുകളിലും തെറ്റ് തിരുത്താന്‍ സംവിധാനം ഒരുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ പറഞ്ഞു. ഈ മാസം ഏഴ് മുതല്‍ 20 വരെയാണ് തെറ്റ് തിരുത്താന്‍ താലൂക്ക് ഓഫീസുകളില്‍ പ്രത്യേക കൗണ്ടര്‍ ഒരുക്കുന്നത്.


സൂക്ഷ്മ പരിശോധനയ്ക്ക് പ്രത്യേക കമ്മിറ്റി

റേഷന്‍ കാര്‍ഡിന്റെ യഥാര്‍ഥ ഗുണഭോക്താക്കളെ തിരിച്ചറിയാനുള്ള സൂക്ഷ്മ പരിശോധനയില്‍ നിലവില്‍ ബിപിഎല്‍ ആനൂകൂല്യം പറ്റുന്ന ഭൂരിഭാഗം പേരും പുറത്തായേക്കും. റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള അപേക്ഷകളുടെ പ്രാഥമിക പരിശോധന ഏകദേശം പൂര്‍ത്തിയായി. തുടര്‍ന്നു നടക്കുന്ന സൂക്ഷ്മ പരിശോധനയിലാണ് യഥാര്‍ഥ ഗുണഭോക്താക്കളെ കണ്ടെത്തുക.
ഇതിനു വേണ്ടി റേഷനിങ് ഇന്‍സ്‌പെക്ടര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി, അതത് വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരുടെ കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു. മുന്‍ കാലങ്ങളില്‍ നടന്ന കാര്‍ഡ് പുതുക്കലുകളില്‍ പരിശോധന കാര്യക്ഷമമല്ലാത്തതിനാല്‍ അനര്‍ഹരായ ഏറെ പേര്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള കാര്‍ഡുകള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്നും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കുന്നത്. ബിപിഎല്‍, എപിഎല്‍ കാര്‍ഡുകള്‍ക്ക് പകരമായി മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്ന കാര്‍ഡുകളാവും നല്‍കുക. ആകെ 8,22,000 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ റേഷന്‍ കാര്‍ഡുള്ളത്.

More Citizen News - Ernakulam