കേന്ദ്ര സര്‍ക്കാറിന്റെ 2000 കോടിയുടെ കാന്‍സര്‍ സെന്റര്‍ പദ്ധതിയില്‍ കൊച്ചിയെയും ഉള്‍പ്പെടുത്തണം- മനുഷ്യാവകാശ കമ്മിഷന്‍

Posted on: 05 Sep 2015കൊച്ചി: കേന്ദ്രസര്‍ക്കാര്‍ രണ്ടായിരം കോടി മുടക്കി ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ആരംഭിക്കാനിരിക്കുന്ന കാന്‍സര്‍ സെന്റര്‍ പദ്ധതിയില്‍ കൊച്ചി കാന്‍സര്‍ സെന്ററിനെയും ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.

ഹോസ്​പിറ്റല്‍ കണ്‍സള്‍ട്ടന്‍സി കോര്‍പ്പറേഷന്‍ തയ്യാറാക്കിയ പദ്ധതി രൂപരേഖ കേന്ദ്ര സര്‍ക്കാറിന് ഇതുവരെയും സമര്‍പ്പിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാറിന് പുറമെ കാന്‍സര്‍ ചികിത്സാ രംഗത്ത് ധനസഹായം നല്‍കാന്‍ തയ്യാറുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കൊച്ചി കാന്‍സര്‍ സെന്ററിന് ധനസമാഹരണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

ഒരു കാന്‍സര്‍രോഗ വിദഗ്ദ്ധനെയെങ്കിലും ഉള്‍പ്പെടുത്തി ആവശ്യാനുസരണം ജീവനക്കാരും രോഗ നിര്‍ണയ ഉപകരണങ്ങളുമായി ഒരു ഔട്ട് പേഷ്യന്റ് വിഭാഗം കൊച്ചി കാന്‍സര്‍ സെന്ററിന്റെ തുടക്കമെന്ന നിലയില്‍ മൂന്ന് മാസത്തിനകം തുടങ്ങണമെന്നും ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദേശിച്ചു.

വിഷയത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും നവംബര്‍ 6 നകം വിശദീകരണം നല്‍കണം. കേസ് നവംബര്‍ 11 ന് കാക്കനാട് കളക്ടറേറ്റില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.

തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ആരോഗ്യമന്ത്രി താത്പര്യം കാണിച്ചു. ചെറിയ ജില്ലയായ ആലപ്പുഴയില്‍ ഒരു മെഡിക്കല്‍ കോളേജ് ഉള്ളപ്പോള്‍ ഹരിപ്പാട്ട് രണ്ടാമത്തെ മെഡിക്കല്‍ കോളേജ് അനുവദിച്ചു. ആഭ്യന്തര മന്ത്രിയുടെ മണ്ഡലമായതുകൊണ്ടായിരിക്കും ഇതെന്നും നടപടിക്രമത്തില്‍ പറയുന്നു. എന്നാല്‍ മൂന്ന് മന്ത്രിമാരുള്ള കൊച്ചിയില്‍ മാത്രം സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും ജസ്റ്റിസ് ജെ.ബി. കോശി പറയുന്നു.

കാന്‍സര്‍ സെന്ററിന്റെ ഉപദേശകനായ ഡോ. വി.പി. ഗംഗാധരന് സര്‍ക്കാര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ സൗകര്യങ്ങള്‍ ഇല്ലാതെ രോഗികളെ ചികിത്സിക്കാന്‍ സമയം കിട്ടില്ലെന്നും അതിനാല്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്.

തമ്പി സുബ്രഹ്മണ്യം, അഡ്വ. ടി.ബി. മിനി, വി.ആര്‍. കൃഷ്ണയ്യര്‍ ഫൗണ്ടേഷന്‍ എന്നിവരാണ് പരാതി നല്‍കിയത്.

More Citizen News - Ernakulam