പ്രിയേഷ് എന്ന പാഠപുസ്തകം

Posted on: 05 Sep 2015


ജിജോ സിറിയക്ക്‌ഇന്ന് അദ്ധ്യാപക ദിനം


കൊച്ചി:
സ്വന്തം കണ്ണുകളില്‍ കൂടുകൂട്ടിയ ഇരുട്ടിനെ മറ്റുള്ളവര്‍ക്ക് വഴിവെട്ടമാക്കി മാറ്റുകയാണ് സി.യു. പ്രിയേഷ് എന്ന കോളേജ് അധ്യാപകന്‍. മഹാരാജാസ് കോളേജ് പൊളിറ്റിക്‌സ് വിഭാഗത്തില്‍ അറിവിന്റെയും അതിജീവനത്തിന്റെയും വെള്ളിവെളിച്ചമായി പ്രിയേഷുണ്ട്.
വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനായും സഹപ്രവര്‍ത്തകരുടെ ഉറ്റ ചങ്ങാതിയായും തിളങ്ങുന്ന പ്രിയേഷിന്റെ ജീവിതം പ്രചോദനം പകരുന്ന പാഠപുസ്തകമാണ്. വല്ലാര്‍പാടം പനമ്പുകാട് ചൂതംപറമ്പില്‍ പ്രിയേഷിന്റെ കണ്ണുകളിലെ വെളിച്ചം കെടുത്തിയത് നാലാം വയസ്സില്‍ വന്ന പനിയാണ്. ചികിത്സകള്‍ ഒട്ടേറെ ചെയ്‌തെങ്കിലും കണ്ണുകള്‍ തെളിഞ്ഞില്ല.
മകനെ ഇരുട്ടില്‍ തളച്ചിടാന്‍ ഫാക്ട് ജീവനക്കാരനായിരുന്ന അച്ഛന്‍ ഉഗ്രസേനനും അമ്മ പ്രസന്നയും തയ്യാറായില്ല. പരിചയക്കാരനായ ലെനിന്‍ മാഷിന്റെ കൈപിടിച്ച് പനമ്പുകാട് ഫിഷറീസ് എല്‍.പി. സ്‌കൂളില്‍ പ്രിയേഷ് പഠനം തുടങ്ങി. പിന്നെ വല്ലാര്‍പാടം സെന്റ് മേരീസ് സ്‌കൂളില്‍ നിന്ന് പത്താംതരം പാസായി. പിന്നീടുള്ള പ്രിയേഷിന്റെ ജീവിതം മഹാരാജാസ് കോളേജുമായി ചേര്‍ത്ത് വെയ്ക്കപ്പെട്ടതാണ്.
ഏഴ് വര്‍ഷം പഠിച്ച മഹാരാജാസ് പ്രിയേഷിന് മനപ്പാഠമാണ്. 2003ല്‍ ഒന്നാം റാങ്കോടെ ബി.എ. പാസായി. 2005ല്‍ എം.എ. രണ്ടാം റാങ്കോടെയും. ഇതിനിടെ 2004ല്‍ മഹാരാജാസിന്റെ ചെയര്‍മാനുമായി. ബി.എഡും ജെ.ആര്‍.എഫോടെ നെറ്റും പാസ്സായ ശേഷം 2010ല്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ അധ്യാപകനായി. പിന്നീടാണ് സര്‍ക്കാര്‍ കോളേജിലെത്തിയത്.
ആദ്യം കൊയിലാണ്ടിയിലായിരുന്നു. കുറച്ചുനാള്‍ ചാലക്കുടി പനമ്പിള്ളി കോളേജിലും പഠിപ്പിച്ചു. 2013 ലാണ് മഹാരാജാസിന്റെ തണലിലേക്ക് മടങ്ങിയത്.
ഓരോ പിരീഡിലും അതത് ക്ലാസ്സിലെ കുട്ടികള്‍ വന്ന് കൈപിടിച്ച് കൊണ്ടുപോകും.
അറിവിനപ്പുറം തിരിച്ചറിവുകളിലേക്കും കാഴ്ചകള്‍ക്കപ്പുറം കാഴ്ചപ്പാടുകളിലേക്കും കുട്ടികളെ നയിക്കാന്‍ അദ്ധ്യാപകന് കഴിയണമെന്നാണ് പ്രിയേഷിന്റെ പക്ഷം.
പാഠഭാഗങ്ങള്‍ വായിച്ച് നല്‍കുന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കമ്പൂട്ടറിലാണ് പ്രിയേഷ് പഠിപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നത് പഠനം. ഇംഗ്ലീഷ്, മലയാളം പത്രങ്ങള്‍ക്കൊപ്പം വിദേശപത്രങ്ങളും വായിച്ച് അപ്‌ഡേറ്റായിട്ടാണ് ക്ലാസ്സിലേക്കെത്തുക. എം.ജി. യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്.ഡി.യും ചെയ്യുന്നുണ്ട്.
2012ല്‍ മലപ്പുറം സ്വദേശിനി അശ്വിനിയെ വിവാഹം ചെയ്തു. മകള്‍ തീര്‍ത്ഥയ്ക്ക് രണ്ട് വയസ്സ് കഴിഞ്ഞു. അമ്മ പ്രസന്ന 2011 ജനവരിയില്‍ വിട്ടുപിരിഞ്ഞു. ഇപ്പോള്‍ ഓട്ടോയിലാണ് ദിവസവും പനമ്പുകാട് നിന്ന് കോളേജിലേക്കെത്തുന്നത്. കാറ് വാങ്ങിയിട്ടുണ്ട്. ഭാര്യ അശ്വിനി കഴിഞ്ഞ ദിവസം ലൈസന്‍സുമെടുത്തു. വൈകാതെ ഭാര്യക്കൊപ്പം കോളേജിലേക്ക് പോകാമെന്ന പ്രതീക്ഷയിലാണ് പ്രിയേഷ്.

More Citizen News - Ernakulam