സ്ഥലം വില്‍ക്കാനും വാങ്ങാനും കളമശ്ശേരി നഗരസഭാ കൗണ്‍സിലിന്റെ അംഗീകാരം

Posted on: 04 Sep 2015
കളമശ്ശേരി:
കളമശ്ശേരി നഗരസഭയില്‍ ഉപയോഗപ്രദമല്ലാതെ കിടക്കുന്ന നഗരസഭാ റോഡ് വില്‍ക്കുന്നതിനും ചമ്പോക്കടവിലേക്കെത്തുന്നതിന് റോഡിനായി സ്ഥലം വാങ്ങുന്നതിനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഐകകണ്‌ഠ്യേനയാണീ തീരുമാനം.
നഗരസഭയുടെ കൈവശത്തിലുള്ള 34-ാം വാര്‍ഡിലെ മാലിപ്പുറം റോഡിലുള്‍പ്പെട്ട സ്ഥലമാണ് വില്‍ക്കുന്നത്. 60 മീറ്ററോളം നീളവും നാലുമീറ്ററോളം വീതിയിലുമുള്ള ആറ് സെന്റ് സ്ഥലമാണിത്.
ഈ സ്ഥലം ലുലുമാള്‍ ഗ്രൂപ്പിന് വില്‍ക്കാനാണ് തീരുമാനം. ഇവര്‍ സ്ഥലം വേണമെന്നാവശ്യപ്പെട്ട് നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ സ്ഥലം കൈമാറുമ്പോള്‍ നഗരസഭാ കൗണ്‍സിലിന്റെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
നഗരസഭ ആവശ്യപ്പെട്ട പ്രകാരം ജില്ലാ കളക്ടറുടെ നിര്‍ദേശമനുസരിച്ച് കണയന്നൂര്‍ തഹസില്‍ദാര്‍ ഈ സ്ഥലത്തിന്റെ മൂല്യനിര്‍ണയം നടത്തിയിരുന്നു. ഇതനുസരിച്ച് സെന്റൊന്നിന് 10,30,132 രൂപയാണ് സ്ഥലവില നിശ്ചയിച്ചിട്ടുള്ളത്.
എന്നാല്‍ കൗണ്‍സില്‍ ഈ സ്ഥലത്തിന് സെന്റൊന്നിന് 16 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. ഇതുകൂടാതെ മങ്കുഴി റോഡിന്റെ പടിഞ്ഞാറ് വശത്ത് സ്വകാര്യവ്യക്തിയുടെ നാല് സെന്റ് ഭൂമിയുണ്ട്. ഈ സ്ഥലം റോഡുണ്ടാക്കുന്നതിനായി നഗരസഭയ്ക്ക് വാങ്ങി നല്‍കുന്നതിനും ലുലു ഗ്രൂപ്പിനോടാവശ്യപ്പെടും. ഇങ്ങിനെ സ്ഥലം കിട്ടിയാല്‍ മങ്കുഴി റോഡില്‍ നിന്ന് നഗരസഭയുടെ പുറന്‌പോക്ക് ഭൂമിയിലൂടെ റോഡുണ്ടാക്കി ചമ്പോക്കടവ് പാലത്തിലേക്ക് പ്രവേശിക്കാനാവും. ഈ സ്ഥലം വാങ്ങിച്ച് റോഡുണ്ടാക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു.
കൗണ്‍സില്‍ യോഗത്തിന്റെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ സ്ഥലം ഇടപാട് നടക്കുകയുള്ളൂവെന്നും അങ്ങിനെയായാല്‍ നഗരസഭയുടെ രണ്ട് സെന്റ് സ്ഥലത്തിന് 96 ലക്ഷം രൂപ നഗരസഭയ്ക്ക് ലഭിക്കുമെന്നും ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ പറഞ്ഞു.
നഗരസഭയുടെ ഡമ്പിങ് യാര്‍ഡില്‍ കിടക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കിലോക്ക് 5.50 രൂപ നിരക്കില്‍ വില്‍ക്കുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ അധ്യക്ഷനായി.

More Citizen News - Ernakulam