ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും മറക്കല്ലേ; ക്ലാസില്‍ ഇരിക്കേണ്ടിവരും

Posted on: 04 Sep 2015

കാക്കനാട്:
സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തവര്‍ക്ക് പിഴയ്ക്ക് പുറമെ രണ്ട് മണിക്കൂര്‍ ബോധവത്കരണ ക്ലൂസ് ഏര്‍പ്പെടുത്താന്‍ തീരുമാനം. ബോധവത്കരണത്തിലൂടെ നിയമ ലംഘകര്‍ക്ക് 'നല്ലനടപ്പ്' ഉറപ്പാക്കുകയാണ് ലക്ഷ്യം. തുടര്‍ന്നും നിയമ ലംഘനത്തിന് പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം ആര്‍ടിഒ കെ.എം. ഷാജി പറഞ്ഞു.
മിനിറ്റുകള്‍ ലാഭിക്കാന്‍ അമിത വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് രണ്ട് മണിക്കൂര്‍ ക്ലാസ് വലിയ ശിക്ഷയാകും. യാത്ര മാറ്റിവെച്ച് ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തതിനുശേഷമേ തുടര്‍ യാത്ര സാധ്യമാകൂ. ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തവര്‍, സിഗ്നല്‍ തെറ്റിക്കുന്നവര്‍, മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ തുടങ്ങി ഗതാഗത നിയമ ലംഘനം നടത്തുന്നവര്‍ക്കെല്ലാം കര്‍ശനമായി ക്ലൂസുകള്‍ നല്‍കും. റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സുപ്രീം കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ നടപടി. അടുത്ത ദിവസം മുതല്‍ തന്നെ ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം.
റോഡ് നിയമങ്ങള്‍ തെറ്റിച്ച് പിടിക്കപ്പെടുന്നവരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്കും സസ്‌പെന്റ് ചെയ്യും. അമിത വേഗത്തില്‍ വാഹനം ഓടിക്കുക, റെഡ്‌സിഗ്നല്‍ ലംഘിക്കുക (റെഡ് സിഗ്നല്‍ കണ്ടാലും വാഹനം കടന്നു പോകുക), അമിത ഭാരവുമായി വാഹനം ഓടിക്കുക, മദ്യപിച്ചും മൊബൈല്‍ ഫോണില്‍ സംസാരിച്ചും വാഹനമോടിക്കുക എന്നിവയ്ക്കാണ് മൂന്ന് മാസത്തേക്ക് ലൈസന്‍സ് നഷ്ടമാകുക. ഈ പറഞ്ഞ നിയമ ലംഘനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത നടപടി സ്വീകരിച്ചുവെന്ന വിശദമായ റിപ്പോര്‍ട്ട് മോട്ടോര്‍ വാഹനവകുപ്പ് മൂന്ന് മാസം കൂടുമ്പോള്‍ സുപ്രീം കോടതി നിയോഗിച്ച നിരീക്ഷണ സമിതിയെ അറിയിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

More Citizen News - Ernakulam