അങ്കമാലി ബസ്സ്‌റ്റേഷന് പുതിയ പ്രവേശന കവാടം: നിര്‍മാണോദ്ഘാടനം ഇന്ന്്്‌

Posted on: 04 Sep 2015

അങ്കമാലി:
അങ്കമാലി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന് മുന്നിലെ ഗതാഗത തടസ്സവും അപകട സാധ്യതയും ഒഴിവാക്കാന്‍ പുതിയ പ്രവേശന കവാടം നിര്‍മിക്കുന്നു. 25 ലക്ഷം രൂപ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്്്.
പ്രവേശന കവാടത്തിന്റെ നിര്‍മാണോദ്ഘാടനം നാലിന് രാവിലെ 9ന് ജോസ് തെറ്റയില്‍ എം.എല്‍.എ. നിര്‍വഹിക്കും. എം.എല്‍.എ.യുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ടി.ബി. റോഡില്‍ (ക്യാമ്പ് ഷെഡ് റോഡ്) നിന്ന് ദേശീയ പാതയില്‍ പ്രവേശിക്കാതെ തന്നെ ബസ് സ്റ്റേഷനിലേക്ക് തിരിഞ്ഞുകയറാവുന്ന രീതിയിലാണ് കവാടം ഒരുക്കുന്നത്.
ബസ് സ്റ്റേഷനിലേക്കുള്ള റോഡ് മണ്ണിട്ട്് ഉയര്‍ത്തി 12 മീറ്റര്‍ വീതിയിലും 60 മീറ്റര്‍ നീളത്തിലും ഇന്റര്‍ലോക്കിങ് ടൈല്‍ വിരിക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ് നിര്‍മിക്കുന്നതിനായി 9.463 സെന്റ് ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്ന് നേരത്തെ ഏറ്റെടുത്തിരുന്നു. കൂടാതെ പുറമ്പോക്ക് ഭൂമിയും ഏറ്റെടുത്തു. കിഴക്കന്‍ ജില്ലകളില്‍ നിന്ന് വരുന്ന ബസ്സുകള്‍ പുതിയ കവാടം വഴി പ്രവേശിക്കുന്നതോടെ ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ ഒഴിവാകും.
നിലവില്‍ ബസ്സുകള്‍ ബസ് സ്റ്റേഷനിലേക്ക് കയറുന്നതും ഇറങ്ങിപ്പോകുന്നതുമെല്ലാം ദേശീയ പാതയിലെ പ്രവേശന കവാടത്തിലൂടെയാണ്. അതിനാല്‍ ബസ് സ്റ്റേഷന് മുന്നില്‍ ഗതാഗത തടസ്സം ഉണ്ടാകുന്നുണ്ട്. ഇടയ്ക്കിടെ അപകടവും സംഭവിക്കുന്നു.

More Citizen News - Ernakulam