നന്ദിത സുമേഷിനെ അനുമോദിച്ചു

Posted on: 04 Sep 2015വൈറ്റില: ആപത്ഘട്ടങ്ങളിലും അപകട സാഹചര്യങ്ങളിലും രക്ഷാമാര്‍ഗങ്ങള്‍ അവലംബിക്കുവാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാനും പുതുതലമുറയെ പ്രാപ്തരാക്കണമെന്ന് മന്ത്രി കെ. ബാബു. കായലില്‍ വീണ രണ്ടര വയസ്സുകാരനെ സാഹികമായി രക്ഷപ്പെടുത്തിയ പനങ്ങാട് സ്‌കൂളിലെ വിദ്യാര്‍ഥിനി നന്ദിത സുമേഷിനെ അനുമോദിക്കാന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പനങ്ങാട് ഗോപിനാഥ മേനോന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും റെഡ്‌ക്രോസ് സൊസൈറ്റിയും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് എം.ജി. സത്യന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മാതൃഭൂമി നന്മ ക്ലബ്ബിന്റെ ഉപഹാരം കോ-ഓര്‍ഡിനേറ്റര്‍ എസ്.എസ്. കലയും സ്‌കൂളിന്റെ ഉപഹാരം ഹെഡ്മിസ്ട്രസ് ഉഷാകുമാരിയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉപഹാരം മാനേജര്‍ ലീല ഗോപിനാഥ മേനോനും എന്‍എസ്എസിന്റെ ഉപഹാരം എന്‍എസ്എസ് അംഗങ്ങളും ചേര്‍ന്ന് നല്‍കി. ജൂനിയര്‍ റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി ജോസ് ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ്, പിടിഎ പ്രസിഡന്റ് എം.ആര്‍. രാജന്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ രതിദേവി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഉഷാകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സോമശേഖരന്‍ നന്ദിയും പറഞ്ഞു.

More Citizen News - Ernakulam