ഫോര്‍ട്ടുകൊച്ചി ബോട്ടപകടം : മേയറുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രതിഷേധം

Posted on: 04 Sep 2015* മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം
* അപകടം ചര്‍ച്ച ചെയ്യാന്‍ ഒമ്പതിന് പ്രത്യേക കൗണ്‍സില്‍


കൊച്ചി:
ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സില്‍ യോഗത്തിലും കോര്‍പ്പറേഷന്‍ ഓഫീസിനു പുറത്തും ഇടതുമുന്നണി പ്രതിഷേധം സംഘടിപ്പിച്ചു.
അപകടത്തില്‍ അനുശോചിക്കുന്നതിനായി വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം സഹകരിച്ചു. മേയര്‍ ടോണി ചമ്മണി അവതരിപ്പിച്ച അനുശോചന പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുത്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റ ഇക്ബാലിന് അമ്പതിനായിരം രൂപയും നഗരസഭ നല്‍കുമെന്ന് മേയര്‍ യോഗത്തില്‍ പ്രഖ്യാപിച്ചു
യോഗത്തിന് ശേഷം ബ്രഹ്മപുരം പ്ലാന്റ് സംബന്ധിച്ച് പ്രത്യേക കൗണ്‍സില്‍ യോഗം ചേരുന്നതായി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ബോട്ടപകടത്തെക്കുറിച്ച് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ്് മേയര്‍ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. മേയര്‍ രാജിവെയ്ക്കണമെന്ന് എഴുതിയ പോസ്റ്ററുമായി പ്രതിപക്ഷ നേതാവ് മേയറുടെ കസേരയ്ക്ക് താഴെ ഇരുന്നു. പ്രതിപക്ഷാംഗങ്ങള്‍ മേയര്‍ക്ക് ചുറ്റുംകൂടി മേശയിലടിച്ച് കൗണ്‍സില്‍ തുടങ്ങുന്നത് തടസ്സപ്പെടുത്തി. ഒടുവില്‍ അജണ്ട പാസായതായി പ്രഖ്യാപിച്ച് മേയര്‍ കൗണ്‍സില്‍ പിരിച്ചുവിട്ടു.
ഇതിന് ശേഷം മേയറുടെ ചേമ്പറിലേക്ക് മുദ്രാവാക്യം വിളിച്ചുകയറിയ പ്രതിപക്ഷാംഗങ്ങള്‍ മേയര്‍ക്കു മുന്നില്‍ ബഹളം വെച്ചു. ഏറെ നേരത്തെ ബഹളത്തിനു ശേഷം തീരുമാനമുണ്ടാകാഞ്ഞതിനെത്തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് പുറത്തിറങ്ങി. അപകടത്തില്‍പ്പെട്ട ബോട്ട് സര്‍വീസ് നടത്തിയിരുന്ന ഏജന്‍സിക്ക് പ്രൊഫ. കെ.വി. തോമസ് എം.പി.യുമായി ബന്ധമുണ്ടെന്നും ഇതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ.ജെ. ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോട്ടപകടത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഒമ്പതിന് സ്‌പെഷല്‍ കൗണ്‍സില്‍ വിളിക്കുമെന്ന് മേയര്‍ പിന്നീട് അറിയിച്ചു. അംഗങ്ങളുടെ അഭിപ്രായത്തെ മാനിച്ച്് , അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം രണ്ടുലക്ഷമായി ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു. പരിക്കുപറ്റിയവര്‍ക്ക് പതിനായിരം രൂപ ധനസഹായം നല്‍കും
ഓഫീസിനു പുറത്ത് മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. മണിശങ്കര്‍ ഉദ്ഘാടനം ചെയ്തു.

More Citizen News - Ernakulam