ഫോര്‍ട്ടുകൊച്ചി ഫെറി സര്‍വീസ് വ്യാഴാഴ്ചയും പുനരാരംഭിച്ചില്ല : സമരങ്ങള്‍ തുടങ്ങി

Posted on: 04 Sep 2015വൈപ്പിന്‍: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഫെറി സര്‍വീസ് വ്യാഴാഴ്ചയും പുനരാരംഭിച്ചില്ല. ജനങ്ങളുടെ യാത്രാക്ലേശം ഏറി. ഇതിനിടെ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. സര്‍വീസ് തുടങ്ങുന്നതിന് അത് ഒരു തടസ്സമായി മേയര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍വീസ് പുനരാരംഭിക്കാത്തതിനെ തുടര്‍ന്ന് സമരങ്ങളും ആരംഭിച്ചു. വൈപ്പിനില്‍ രൂപവത്കരിച്ച ജനകീയ കൂട്ടായ്മ നഗരസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി.
ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം വൈപ്പിന്‍ ഏരിയ കമ്മിറ്റി ദ്വിദിന ധര്‍ണ തുടങ്ങി. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുക, സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളും സമരം ഉന്നയിച്ചു. ഗോശ്രീ കവലയില്‍ നടക്കുന്ന ധര്‍ണ എസ്. ശര്‍മ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അടിയന്തരമായി ബദല്‍ സംവിധാനമുണ്ടാക്കണമെന്നും സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ശര്‍മ ആവശ്യപ്പെട്ടു.
എന്‍.ബി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി.കെ. മോഹനന്‍, എം.കെ. ശിവരാജന്‍, പ്രൊഫ. പി.കെ. രവീന്ദ്രന്‍, അഡ്വ. കെ.വി. എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. സമരം വെള്ളിയാഴ്ചയും തുടരും.
ഫോര്‍ട്ടുകൊച്ചി ഫെറിബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് വൈപ്പിന്‍ പ്രത്യാശമാതാ സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തി. ഡയറക്ടര്‍ ഫാ. ജോസഫ് ചിറാപ്പള്ളിയില്‍, ഹെഡ്മാസ്റ്റര്‍ മാനുവല്‍ ജോസഫ്, പി.ടി.എ. പ്രസിഡന്റ് വി. എക്‌സ്. റൂബന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.
വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ഫെറി-ജങ്കാര്‍ സര്‍വീസുകള്‍ സ്വകാര്യ കരാറുകാരനെ ഒഴിവാക്കി പുനഃസ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച് സി.പി.ഐ.(എം.എല്‍.) റെഡ് സ്റ്റാര്‍ ശനിയാഴ്ച മുരുക്കുംപാടത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്.
ഫെറി, ജങ്കാര്‍ സര്‍വീസ് യാത്രാ സുരക്ഷിതത്വം ഉറപ്പുവരുത്തി പുനരാരംഭിക്കണമെന്ന് ഓച്ചന്തുരുത്ത് പൗരാവകാശ സമിതി ആവശ്യപ്പെട്ടു. റോ-റോ സര്‍വീസ് ജിഡ ഫണ്ടുപയോഗിച്ച് ആരംഭിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് സമിതി ആവശ്യപ്പെട്ടു.

More Citizen News - Ernakulam