വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ഫെറി: ബദല്‍ സംവിധാനമാവശ്യപ്പെട്ട് നഗരസഭാ ഓഫീസിനു മുന്നില്‍ ധര്‍ണ

Posted on: 04 Sep 2015കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തെ തുടര്‍ന്ന് നിലച്ച കടത്തിനു പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വൈപ്പിന്‍ ജനകീയ കൂട്ടായ്മ നഗരസഭാ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ഗോശ്രീ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. മജ്‌നു കോമത്ത് ഉദ്ഘാടനം ചെയ്തു. ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ പോള്‍ ജെ. മാമ്പള്ളി അധ്യക്ഷത വഹിച്ചു. പഴയ ബോട്ടുകള്‍ വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ഫെറി സര്‍വീസിന് ഉപയോഗിക്കരുത്, സ്ഥിര സംവിധാനമായി യാത്രക്കാരേയും വാഹനങ്ങളേയും കയറ്റാവുന്ന റോ-റോ ജങ്കാര്‍ സര്‍വീസ് നടപ്പാക്കുക, അതുവരെ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോട്ട് വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി കസ്റ്റംസ് ജെട്ടിയില്‍ അടുക്കുന്ന രീതിയില്‍ സര്‍വീസ് നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അഡ്വ. മജ്‌നു കോമത്ത്, പോള്‍ ജെ. മാമ്പള്ളി, രാജഗോപാല്‍ ഡി. കോമത്ത്, രാജു വൈപ്പിന്‍, ജോണി വൈപ്പിന്‍, ഫ്രാന്‍സിസ് ചമ്മണി തുടങ്ങിയവര്‍ മേയറുമായി ചര്‍ച്ച നടത്തി. യാത്രാസൗകര്യത്തിനായി ഒരു ബാര്‍ജ് എത്തിക്കാമെന്ന ഉറപ്പ് മേയര്‍ സമരക്കാര്‍ക്ക് നല്‍കി.
ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ജോളി ജോസഫ്, സിപിഐ ജില്ലാ കൗണ്‍സിലംഗം ഇ.സി. ശിവദാസ്, വിറ്റ ജനറല്‍ സെക്രട്ടറി പി.എ. ജോഷി, ആന്റണി മൈക്കിള്‍, ജോസഫ് അട്ടിപ്പേറ്റി, അഗസ്റ്റിന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam