അധ്യാപക ദിനത്തില്‍ പ്രതിഷേധ സംഗമം

Posted on: 04 Sep 2015കൊച്ചി: അധ്യാപക തസ്തിക നിര്‍ണയ നടപടികളിലെ അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപക ദിനമായ സപ്തംബര്‍ 5ന് തൃശ്ശൂരില്‍ അധ്യാപകരുടെ സംസ്ഥാനതല പ്രതിഷേധ സംഗമം. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.
സ്‌കൂള്‍ തുറന്ന് രണ്ടാമെത്ത ടേമിലേക്ക് പ്രവേശിച്ചുവെങ്കിലും ഒരു ക്ലൂസ്സില്‍ എത്ര കുട്ടികള്‍ വേണമെന്നോ, ഒരു സ്‌കൂളില്‍ എത്ര അധ്യാപകര്‍ വേണമെന്നോ ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ തുടരുകയാണ്. പൊതു വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന ഗുരുതരമായ ഈസാഹചര്യത്തിലാണ് അധ്യാപക ദിനത്തില്‍ തന്നെ പ്രതിഷേധവുമായി രംഗത്ത് വരേണ്ടിവന്നതെന്ന് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍, ജനറല്‍ സെക്രട്ടറി സാലു പതാലില്‍ എന്നിവര്‍ പറഞ്ഞു. സപ്തംബര്‍ 5ന് ശേഷം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 ആയി ക്ലാസ് തലത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
5ന് രാവിലെ 10 മണിക്ക് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ മെഡലിക്കോട്ട് ഹാളില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അധ്യാപകരുടെയും മാനേജ്‌മെന്റുകളുടെയും പ്രതിനിധികള്‍ പങ്കെടുക്കും. മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍ അധ്യക്ഷത വഹിക്കും.

More Citizen News - Ernakulam