പാകംചെയ്ത ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനി പരിശോധന വേണം - ഡോ. പി. രാജേന്ദ്രന്‍

Posted on: 04 Sep 2015കൊച്ചി: പച്ചക്കറികളല്ല മറിച്ച് പാകംചെയ്തതിന് ശേഷമുള്ള ഭക്ഷ്യവസ്തുക്കളാണ് കീടനാശിനി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതെന്ന് കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്‌മെന്റ് സെന്റര്‍ സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്ന വാഴകൃഷി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷയ്‌ക്കൊപ്പം ഭക്ഷ്യ സുരക്ഷിതത്വവും ഒരുമിച്ചു കൊണ്ടുപോകണമെന്നും രാസവളങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ച് ശരിയായ വിവരങ്ങള്‍ കര്‍ഷകരില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായി കഴിക്കാവുന്ന ഭക്ഷണം എന്ന ആശയം പ്രോത്സാഹിപ്പിക്കപ്പെടണം. ഉത്പാദനപരമായ വാഴകൃഷിക്ക് രോഗവിമുക്തമായതും മികച്ച ഗുണനിലവാരമുള്ളതുമായ നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ടറേറ്റ് ഓഫ് പ്ലൂന്റ് പൊട്ടക്ഷന്‍, ക്വാറന്റയ്ന്‍ ആന്‍ഡ് സ്റ്റോറേജിലെ പ്ലൂന്റ് പ്രൊട്ടക്ഷന്‍ അഡ്വൈസര്‍ ഡോ. എസ്.എന്‍. സുഷീല്‍ അധ്യക്ഷത വഹിച്ചു. ഇന്ന് ലഭ്യമായ പച്ചക്കറികളെല്ലാം വിഷം കലര്‍ന്നതാണെന്ന പ്രചാരണം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഗവണ്മെന്റ് ലബോറട്ടറികളില്‍ നടത്തിയ പരിശോധനകള്‍ ഇത് വ്യക്തമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡയറക്ടറേറ്റ് ഓഫ് പ്ലൂന്റ് പ്രൊട്ടക്ഷന്‍, ക്വാറന്റയ്ന്‍ ആന്‍ഡ് സ്റ്റോറേജിലെ അഡീഷണല്‍ പ്ലൂന്റ് പ്രൊട്ടക്ഷന്‍ അഡ്വൈസര്‍ രാം അസ്രേ, സംസ്ഥാന കൃഷിവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ബീന ജേക്കബ്, സെന്‍ട്രല്‍ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്‌മെന്റ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എ.കെ. ബോറിയ എന്നിവരും പ്രസംഗിച്ചു. സംസ്ഥാന കൃഷി വകുപ്പിലെ നാല്‍പ്പതോളം ഉദ്യോഗസ്ഥരാണ് 30 ദിവസം നീളുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.

More Citizen News - Ernakulam