പാര്‍ട്ടിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അന്വേഷിക്കാന്‍ ബി.ജെ.പി. കമ്മീഷനെ നിയോഗിച്ചു

Posted on: 04 Sep 2015കൊച്ചി: പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ അന്വേഷിക്കാന്‍ ബി.ജെ.പി. അന്വേഷണ കമ്മീഷനെ നിയോഗിച്ചു.
ബി.ജെ.പി.യുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതും പത്രങ്ങളില്‍ വാര്‍ത്ത നല്‍കുന്നതും ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.പി. രാജനും ടി.പി. മുരളീധരനും അടങ്ങുന്ന കമ്മിഷന്‍ പരിശോധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് 'മാതൃഭൂമി'യോട് പറഞ്ഞു.
സെല്‍ കണ്‍വീനര്‍മാര്‍ക്ക് പാര്‍ട്ടി സജീവാംഗത്വം ആവശ്യമില്ല. നിയമനം പ്രസിഡന്റിന്റെ അധികാരത്തില്‍പ്പെട്ടതാണ്. പാര്‍ട്ടിക്ക് പതിനാറ് സെല്‍ കണ്‍വീനര്‍മാരാണുള്ളത്. അവര്‍ ഉള്‍പ്പെടെ ആരായാലും അനധികൃത പിരിവോ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളോ നടത്തിയാല്‍ നടപടിയുണ്ടാവും. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പാര്‍ട്ടിയെ സമീപിക്കാം. നോക്കൂകൂലിയും ഗുണ്ടാപ്പിരിവും ബി.ജെ.പി.യുടെ അജണ്ടയല്ല. വ്യാപാരി സംഘടനകളോ, വ്യാപാരികളോ ഇതു സംബന്ധിച്ച് പരാതികളൊന്നും നല്‍കിയിട്ടില്ല. വ്യാപാരി സമൂഹവുമായി പാര്‍ട്ടിക്ക് നല്ല ബന്ധമാണുള്ളത്.
ജില്ലാ പ്രസിഡന്റിനെതിരെ ഒരു പരാതിയും സംസ്ഥാന പ്രസിഡന്റിന് ലഭിച്ചതായി അറിവില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ജില്ലാ പ്രസിഡന്റിനെതിരെ പരാതി സംബന്ധമായ ഒരു അന്വേഷണവും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ചില ആള്‍ക്കാരെ സെല്‍ കണ്‍വീനര്‍മാരാക്കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ടി.ഡി. ഭാഗത്തെ പ്രവര്‍ത്തകര്‍ ഒന്നര വര്‍ഷം മുമ്പ് കൊണ്ടുവന്ന പ്രമേയത്തിന് അന്നുതന്നെ അവതരണാനുമതി നിഷേധിച്ചിട്ടുള്ളതാണെന്നും തോമസ് പറഞ്ഞു.

More Citizen News - Ernakulam