പാമ്പാടുംചോലയില്‍ വീണ്ടും കാട്ടുപോത്തുകളുടെ ആവാസ വ്യവസ്ഥ

Posted on: 04 Sep 2015കൊച്ചി: യൂക്കാലിയും അക്വേഷ്യയും സൃഷ്ടിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നിന്ന് സംസ്ഥാനത്തെ വനമേഖലയെ രക്ഷപ്പെടുത്താനുള്ള വനം വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് മാതൃകയാവുകയാണ് മൂന്നാറിനടുത്ത് ടോപ്പ് സ്റ്റേഷനിലുള്ള പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്. യൂക്കാലിയും അക്വേഷ്യയും കാരണം തകര്‍ന്ന വന്യജീവികളുടെ ആവാസ വ്യവസ്ഥ പുനഃസൃഷ്ടിക്കാനുള്ള വനം വകുപ്പിന്റെ ശ്രമം വിജയം കണ്ട് തുടങ്ങി.
പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിനോടു ചേര്‍ന്നുള്ള നൂറേക്കറോളം വരുന്ന അക്വേഷ്യ, യൂക്കാലി തോട്ടങ്ങള്‍ വെട്ടിമാറ്റിയാണ് വനംവകുപ്പ് വന്യമൃഗങ്ങള്‍ക്കുള്ള സ്വാഭാവിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ തുടങ്ങിയത്. നേരത്തെ പുല്‍മേടുകളും ചതുപ്പുമായിരുന്ന ഇവിടെ യൂക്കാലി, അക്വേഷ്യ തോട്ടങ്ങള്‍ ആക്കിയതു കാരണം കാട്ടുപോത്തുകളടക്കമുള്ള വന്യമൃഗങ്ങള്‍ ഒഴിഞ്ഞുപോയിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് യൂക്കാലി, അക്വേഷ്യ മരങ്ങള്‍ വെട്ടിമാറ്റാന്‍ വനം വകുപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ശ്രമം തുടങ്ങിയതെന്ന് പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിന്റെ ചുമതലയുള്ള മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. പ്രസാദ് പറഞ്ഞു. പദ്ധതിക്ക് ഏറ്റവും വലിയ തടസ്സമായി നിന്നത് അക്വേഷ്യ ചെടികളാണ്. ഇവയുടെ വിത്തുകള്‍ 20 വര്‍ഷം വരെ മണ്ണില്‍ സജീവമായി കിടക്കും. അതിനാല്‍ പ്രദേശത്ത് കിളിര്‍ത്തു വന്ന അക്വേഷ്യ ചെടികള്‍ പിഴുതു കളയാന്‍ സന്നദ്ധ സംഘടനകളുടെ സഹകരണവും തേടി. പരിസ്ഥിതി പഠന ക്യാമ്പിനായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ സേവനവും ഉപയോഗിച്ചു. യൂക്കാലിയും അക്വേഷ്യയും നീക്കം ചെയ്യപ്പെട്ടതോടെ സ്വാഭാവിക നീരുറവകളും പുനര്‍ജനിച്ചു. അതോടെ പുല്‍മേടുകള്‍ നന്നായി വളര്‍ന്നു തുടങ്ങി. പുല്‍മേടുകളും ചതുപ്പുകളും രൂപപ്പെട്ടതോടെ ഇവിടെ നിന്ന് ഒഴിഞ്ഞുപോയിരുന്ന കാട്ടുപോത്തുകളും തിരിച്ചെത്തിത്തുടങ്ങി. രാവിലെയും വൈകീട്ടുമായി കാട്ടുപോത്തുകളുടെ കൂട്ടം തീറ്റ തേടി എല്ലാ ദിവസവും പുല്‍മേട്ടിലെത്തുന്നു.
പറമ്പിക്കുളത്തിനു ശേഷം ഏറ്റവുമടുത്ത് കാട്ടുപോത്തുകളെ കാണാന്‍ സാധിക്കുന്നത് ഇപ്പോള്‍ പാമ്പാടുംചോലയിലാണ്. സ്വാഭാവിക പരിസ്ഥിതി നിലനിര്‍ത്തുന്നതിന് ഏറെ വര്‍ഷം പരിശ്രമം തുടരേണ്ടതുണ്ടെന്ന് പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി.എച്ച്. അബൂബക്കര്‍ വ്യക്തമാക്കി. പാമ്പാടുംചോലയുടെ മറുഭാഗമായ പളനി ഹില്‍സില്‍ തമിഴ്‌നാട് വനം വകുപ്പും യൂക്കാലി, അക്വേഷ്യ മരങ്ങള്‍ നീക്കം ചെയ്ത് പുല്‍മേടുകള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമം നടത്തുന്നുണ്ട്. ഇവിടെ തീറ്റ കിട്ടാത്തത് കാരണം കാട്ടുപോത്തുകള്‍ കൊടൈക്കനാല്‍ നഗരത്തിലേക്കിറങ്ങുന്നതാണ് തമിഴ്‌നാട് വനം വകുപ്പിനെയും വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 52 കാട്ടുപോത്തുകളാണ് കൊടൈക്കനാല്‍ നഗരത്തിലിറങ്ങി കൊല്ലപ്പെട്ടത്. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തിരികെ കൊണ്ടുവരുന്നതിനായി കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ കേരള, തമിഴ്‌നാട് വനം വകുപ്പുകള്‍ കഴിഞ്ഞ നവംബറില്‍ മൂന്നാറില്‍ വെച്ച് സംയുക്ത യോഗവും ചേര്‍ന്നിരുന്നു.

More Citizen News - Ernakulam