തൊഴിലാളിയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

Posted on: 04 Sep 2015കൂത്താട്ടുകുളം: ഇലഞ്ഞിയിലെ സി.ഐ.ടി.യു. ടിമ്പര്‍ തൊഴിലാളി പൊന്‍കുറ്റി വാളക്കൊട്ടില്‍ മാത്യു കുര്യന്റെ (അപ്പച്ചന്‍ -48) മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. മാത്യു കുര്യന്റെ മാതാവ് ത്രേസ്യാമ്മയും സഹോദരങ്ങളും നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വിജയനാണ് അന്വേഷണ ച്ചുമതല.
മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകര്‍ കൂടിയായിരുന്ന ടിന്‍സ് ടോമി, കുട്ടപ്പന്‍, ജോഷി പീറ്റര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ റിമാന്‍ഡിലാണ്. മാത്യു കുര്യന്‍ ആത്മഹത്യ ചെയ്തു എന്ന നിഗമനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മാത്യു കുര്യനെ ആഗസ്ത് 16 നാണ് വീടിന്റെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരഭാഗത്ത് പൊള്ളലേറ്റ നിലയിലായിരുന്നു. ടിമ്പര്‍ തൊഴിലാളി മേഖലയിലെ യൂണിയനുകള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതുമൂലം തടിവെട്ട് ജോലികള്‍ നിലച്ചിരിക്കുകയായിരുന്നു. സി.ഐ.ടി.യു.- ബി.എം.എസ് -ഐ.എന്‍ ടി.യു.സി. തൊഴിലാളി യൂണിയനുകള്‍ തമ്മിലായിരുന്നു തര്‍ക്കം.
യൂണിയന്‍ യോഗത്തില്‍ പങ്കെടുക്കാതെ മാത്യു കുര്യന്‍ തൊഴിലിന് പോയതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ആഗസ്ത് 15 ന് മാത്യു കുര്യനും അറസ്റ്റിലായവരും തമ്മില്‍ തര്‍ക്കം സംഘര്‍ഷാവസ്ഥയില്‍ എത്തിയിരുന്നു. പൊന്‍കുറ്റിയില്‍ വച്ച് മാത്യു കുര്യനെ സംഘം മര്‍ദിച്ചതായും ആരോപണമുണ്ട്. സംഭവത്തെ തുടര്‍ന്ന് ടിന്‍സ് ടോമി, കുട്ടപ്പന്‍, ജോഷി പീറ്റര്‍ എന്നിവരെ സി.ഐ.ടി.യു.വില്‍ നിന്ന് പുറത്താക്കി.
മാത്യു മരിച്ചതിനെ തുടര്‍ന്ന് ഇവര്‍ മൂവരും ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് കഴിഞ്ഞദിവസം ഇവര്‍ പിറവം സര്‍ക്കിള്‍ ഇന്‍െസ്​പക്ടര്‍ മുമ്പാകെ കീഴടങ്ങുകയായിരുന്നു.

More Citizen News - Ernakulam