ലിനാക് സെന്ററിന് ഇനി എട്ട് മാസത്തെ കാത്തിരിപ്പ്‌

Posted on: 04 Sep 2015കൊച്ചി: ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്ന ആധുനിക റേഡിയേഷന്‍ മെഷീന് ഇനി എട്ട് മാസം കൂടി കാത്തിരിക്കാം. രാജ്യത്ത് ആദ്യമായി എട്ട് രാജ്യസഭാ എം.പി. മാര്‍ കൈകോര്‍ത്ത പദ്ധതി മുന്‍പ് സംസ്ഥാന ആരോഗ്യവകുപ്പ് സാമ്പത്തിക ബാധ്യത മൂലം നീട്ടിവച്ചതാണ്
രാജ്യസഭയിലെ ആറ് നോമിനേറ്റഡ് എം.പി മാരടക്കം, എട്ട് എം.പി മാരും കാനറ ബാങ്കും കൊച്ചിന്‍ റിഫൈനറിയും ഷിപ്പ് യാര്‍ഡും ചേര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ രണ്ട് ലീനിയര്‍ ആക്‌സിലറേറ്ററുകള്‍ സ്ഥാപിക്കുന്നത്. മുന്‍ എം.പി. പി. രാജീവാണ് പദ്ധതിക്കായി കൂട്ടായ്മ രൂപീകരിച്ചത്.
ആകെ പതിനഞ്ച് കോടിയാണ് ലിനാക് സെന്ററിന് പ്രതീക്ഷിക്കുന്ന െചലവ്. ഭൂമിക്കടിയിലാണ് റേഡിയേഷന്‍ മുറി സജ്ജീകരിക്കുക. ഇതിന് രണ്ടര കോടിയോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് മെഷീനുകളാണ് ഇപ്പോള്‍ സെന്ററിലേക്ക് ലഭ്യമാകുക. നിലവില്‍ ഉപയോഗിക്കുന്ന കൊബാള്‍ട്ട് സംവിധാനത്തേക്കാള്‍ പതിന്മടങ്ങ്് കൃത്യതയാണ് ലിനാക് ഉറപ്പു നല്‍കുന്നത്. രോഗബാധയേറ്റ കോശങ്ങളെ മാത്രം നശിപ്പിക്കുന്നതിന് ലിനാകിലൂടെ സാധിക്കും.
രാജ്യസഭയില്‍ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന 12 എം.പി മാരില്‍ ആറു പേരാണ് ഇപ്പോള്‍ പദ്ധതിയെ പിന്തുണച്ചിട്ടുളളത്. വൈകാതെ സച്ചിന്‍ തെണ്ടുല്‍ക്കറും പദ്ധതിക്ക് സഹായം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പി.രാജീവ് വ്യക്തമാക്കി. തുടക്കത്തില്‍ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ആലോചനയെങ്കിലും പിന്നീടാണ് രാജ്യസഭ എം.പി. മാര്‍ വഴി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനിച്ചത്.
കെട്ടിടവും യന്ത്രസാമഗ്രികളും ഒറ്റത്തവണയായി ആഗോള കരാര്‍ സ്വീകരിക്കണമെന്ന നിബന്ധനയുളളതിനാലാണ് എം.പി. മാരുടെ സംഘത്തെ സമീപിച്ചത്. സ്വീഡനില്‍ നിന്നുള്ള കമ്പനിക്കാണ് നിര്‍മാണ ചുമതല.

More Citizen News - Ernakulam