മത്സ്യസംസ്‌കരണ പരിശീലനം: ബ്രിട്ടീഷ് സംഘം കുഫോസ് സന്ദര്‍ശിച്ചു

Posted on: 04 Sep 2015കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) മത്സ്യസംസ്‌കരണ പരിശീലനരീതികള്‍ അറിയാന്‍ ഭക്ഷ്യസംസ്‌കരണ സ്ഥാപനമായ ഫിഷ് മോംഗേര്‍സിന്റെ ബില്ലിംഗ്‌സ്റ്റേറ്റ് സീഫുഡ് ട്രെയിനിംഗ് സ്‌കൂളിലെ വിദഗ്ധ സംഘം സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തി.
ലണ്ടന്‍ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസംസ്‌കരണ സ്ഥാപനമാണ് ഫിഷ് മോംഗേര്‍സ്. സ്ഥാപനത്തിന്റെ ചീഫ് ഇന്‍സ്‌പെക്ടര്‍ സി. പി. ലെഫ്റ്റവിച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കുഫോസിലെ മത്സ്യസംസ്‌കരണ, ഗുണനിലവാര പരിശോധനാ ലാബുകള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു.
ഭക്ഷ്യഗുണനിലവാര പരിശോധനാരംഗത്തെ നൂതനവിദ്യകള്‍ ഭാവിയില്‍ കുഫോസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള സംവിധാനമൊരുക്കുന്നതുമായി ബന്ധപ്പെട്ട് വൈസ്ചാന്‍സലര്‍ ഡോ ബി. മധുസൂദനക്കുറുപ്പ് വിദേശസംഘവുമായി ചര്‍ച്ച ചെയ്തു. മത്സ്യസംസ്‌കരണം, ഗുണനിലവാര പരിശോധന, യൂറോപ്യന്‍ രാജ്യങ്ങളിലെ ഗുണനിലവാര സൂചികകള്‍ എന്നീ വിഷയങ്ങളില്‍ കുഫോസിലെ അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട് പരസ്​പര ധാരണയുണ്ടാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി.
രജിസ്ട്രാര്‍ ഡോ. വി. എം. വിക്ടര്‍ ജോര്‍ജ്, സ്‌കൂള്‍ ഓഫ് അക്വാട്ടിക് ഫുഡ് പ്രോഡക്ട്‌സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. കെ. ഗോപകുമാര്‍, സ്‌കൂള്‍ ഓഫ് ഓഷ്യന്‍ സ്റ്റഡീസ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. എസ്. സുരേഷ്‌കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പീറ്റര്‍ വുഡ്വാര്‍ഡ്, സ്റ്റീഫന്‍ പൈനി, സ്റ്റെഫാന്‍ പൈനി, സ്റ്റീഫന്‍ മക്കാര്‍ട്‌നി, ഷോണ്‍ തോംസണ്‍ എന്നിവരാണ് വിദേശസംഘത്തിലുണ്ടായിരുന്നത്.

More Citizen News - Ernakulam