കാര്‍ഷിക പ്രശ്‌നങ്ങളിലൂന്നി പുത്തന്‍വേലിക്കര

Posted on: 03 Sep 2015നേട്ടവും കോട്ടവും
പുത്തന്‍വേലിക്കര പഞ്ചായത്ത്

പറവൂര്‍:
കര്‍ഷകരും കൃഷിക്കാരും പരമ്പരാഗതമായുള്ള പുത്തന്‍വേലിക്കരയില്‍ പ്രധാന പ്രശ്‌നം കൃഷി തന്നെ. മുണ്ടകന്‍ പാടവും കപ്പയും വാഴയും നാണ്യവിളകളും ആവോളം കിട്ടിയിരുന്ന ഈ കാര്‍ഷിക ഭൂമിയില്‍ ഇന്ന് അവയുടെ സമൃദ്ധി കുറവാണ്. പാടങ്ങള്‍ നികത്തപ്പെട്ടു. കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണുമായി മണല്‍മാഫിയ കടന്നു. ഇഞ്ചാരക്കുന്നും വട്ടേക്കാട്ടുകുന്നും മാനാഞ്ചേരിക്കുന്നും കൊടികുത്തിയകുന്നും ഇന്ന് കുന്നായി കാണാന്‍ കഴിയില്ല.
പഞ്ചായത്തിന് ചുറ്റും ജലസമൃദ്ധമാണ്. എന്നാല്‍ പഞ്ചായത്ത് നിവാസികള്‍ക്ക് ആവശ്യത്തിന് ജലം കിട്ടുന്നില്ലെന്നാണ് പരാതി. പെരിയാറും ചാലക്കുടിയാറും കടന്നുപോകുന്നത് പുത്തന്‍വേലിക്കരയെ ചുറ്റിയാണ്.
തുരുത്തിപ്പുറം, തുരുത്തൂര്‍, വെള്ളോട്ടുംപുറം, കല്ലേപറമ്പ്, പുത്തന്‍വേലിക്കര, പഞ്ഞിപ്പള്ള, മാനാഞ്ചേരിക്കുന്ന്, വട്ടേക്കാട്ടുകുന്ന്, കീഴൂപ്പാടം, കോഴിത്തുരുത്ത്, തേലത്തുരുത്ത്, ചെറു കടപ്പുറം എന്നീ പ്രദേശങ്ങളും ഏതാനും തുരുത്തുകളും ചേര്‍ന്നതാണ് ഈ പഞ്ചായത്ത്.
പഞ്ചായത്തിന്റെ ഭരണസാരഥ്യം കൂടുതല്‍ കാലം ൈകയാളിയത് കോണ്‍ഗ്രസാണ്. എന്നാല്‍ ഇടയ്ക്കിടയ്ക്ക് ഇടതുമുന്നണിയും ഭരണം പിടിച്ചിട്ടുണ്ട്. 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ച അഞ്ചാം വാര്‍ഡംഗം ഡെയ്‌സി ടോമി കൂറുമാറി എല്‍ഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി. എട്ട് മാസത്തെ ഭരണത്തിനു ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരെ അയോഗ്യയാക്കി. അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.എസ്. ഷൈലയെ (സിപിഎം) തോല്‍പ്പിച്ച് കോണ്‍ഗ്രസിന്റെ റീന ഫ്രാന്‍സിസ് വിജയിച്ചു. അതോടെ ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിന്റെ ഷീന സെബാസ്റ്റ്യനാണ് ഇപ്പോഴത്തെ പ്രസിഡന്റ്.
കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ നല്‍കി
ഷീന സെബാസ്റ്റ്യന്‍(പ്രസിഡന്റ്)
*മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വഴി കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ നല്‍കി. ആറു കോടി രൂപയുടെ പ്രവൃത്തികള്‍ ഈ മേഖലയില്‍ നടത്തി.
*80 ശതമാനം ഗ്രാമീണ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. മൃഗാശുപത്രി കെട്ടിടം പുനര്‍നിര്‍മിച്ചു. വനിതാ വ്യവസായ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി.
*പഞ്ചായത്ത് സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കന്പ്യൂട്ടര്‍വത്കരണം, ഫ്രണ്ട് ഓഫീസ് നിര്‍മാണം എന്നിവ പൂര്‍ത്തിയാക്കി.
*കുടിവെള്ളം എത്തിക്കുന്നതിന് കൂടുതല്‍ പ്രദേശങ്ങളില്‍ പൈപ്പ്‌ലൈനുകള്‍ സ്ഥാപിച്ചു. തുരുത്തിപ്പുറം-അയിരൂര്‍ റോഡ് ആധുനിക രീതിയില്‍ നിര്‍മിച്ചു. കുന്നാംകുളം നവീകരിച്ചു. താന്തോന്നിച്ചിറ പുനരുദ്ധരിച്ചു.
*പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കി
*അങ്കണവാടികളുടെ പുനരുദ്ധാരണം, ശാരീരിക മാനസിക വൈകല്യമുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഗര്‍ഭിണികള്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും പോഷകാഹാര വിതരണം എന്നിവ നടത്തി.

ജലസേചന പദ്ധതികള്‍ ഒന്നുപോലും തുടങ്ങിയില്ല
കെ.വി. ബൈജു(പ്രതിപക്ഷ നേതാവ്)
*കാര്‍ഷികഗ്രാമമായ ഇവിടെ ജലസേചന പദ്ധതികള്‍ ഒന്നുപോലും ആരംഭിക്കുന്നതിനോ ഉള്ളവ പ്രവര്‍ത്തനക്ഷമമാക്കി കര്‍ഷകരെ സഹായിക്കുന്നതിനോ ഒന്നും ചെയ്തില്ല. കാര്‍ഷിക മേഖലയെ പൂര്‍ണമായി അവഗണിച്ചു.
*സ്റ്റേഷന്‍കടവ്- വിപി തുരുത്ത് പാലത്തിന്റെ പണി എങ്ങുമെത്തിയില്ല. ആയുര്‍വേദ ആശുപത്രിയ്ക്ക് സ്വന്തമായി കെട്ടിടമായില്ല. ഗവ. ആശുപത്രിയില്‍ രാത്രി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് ഒരു നടപടിയും ഉണ്ടായില്ല.
*എല്‍ഡിഎഫ് ഭരണകാലത്ത് കൊണ്ടുവന്ന ഐഎച്ച്ആര്‍ഡി കോളേജിന് സ്ഥലം അനുവദിക്കുന്നതിന് പഞ്ചായത്ത് സഹകരിച്ചില്ല.
*പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ഐഎവൈ ഭവന നിര്‍മാണ പദ്ധതിയില്‍ യഥാസമയം ഗുണഭോക്താക്കള്‍ക്ക് പണം നല്‍കിയില്ല.
*പട്ടികജാതി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവില്‍ നടപ്പിലാക്കിയ മിനി കോളനി നവീകരണത്തില്‍ അഴിമതി.

രൂപീകൃതമായത്- 1956
വിസ്തീര്‍ണം - 19.87 ച. കി.മീ.

വാര്‍ഡുകളുടെ എണ്ണം- 17
ജനസംഖ്യ- 27,005
സ്ത്രീകള്‍- 13,928
പുരുഷന്മാര്‍- 13,077

യുഡിഎഫ് (കോണ്‍.)-9
എല്‍ഡിഎഫ്-8
സിപിഎം-6
സിപിഐ-2

More Citizen News - Ernakulam