ഫോര്‍ട്ടുകൊച്ചി ഫെറിയില്‍ ബദല്‍ സംവിധാനമായില്ല; പരിഹാരമായില്ലെങ്കില്‍ സമരം തുടങ്ങും

Posted on: 03 Sep 2015വൈപ്പിന്‍: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തെ തുടര്‍ന്ന് നിലച്ച കടത്ത് സൗകര്യം പുനഃസ്ഥാപിക്കാന്‍ നഗരസഭ നടത്തുന്ന ശ്രമങ്ങള്‍ വിഫലമാകുന്നു. ചൊവ്വാഴ്ച കിന്‍കോയുടെ ബോട്ട് സര്‍വീസ് ആരംഭിക്കുമെന്ന് മേയര്‍ നല്‍കിയ ഉറപ്പ് പാലിക്കാനായില്ല.
കപ്പല്‍ച്ചാലില്‍ ഓടിക്കാന്‍ കഴിയുന്ന രണ്ട് ബോട്ടുകളും ഈ ആവശ്യത്തിന് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് കിന്‍കോയ്ക്ക്. കെ.ടി.ഡി.സി.യുടെ ബോട്ടിനായുള്ള ശ്രമവും പാഴായതായാണ് അറിവ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ സഹായം മേയര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. താത്കാലികമായി ഒരു ബാര്‍ജ് ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് സൂചനയുണ്ട്. ഇക്കാര്യം മേയര്‍ ജനകീയ കൂട്ടായ്മ നേതാക്കളെ അറിയിച്ചു. വ്യാഴാഴ്ചയും സര്‍വീസ് പുനരാരംഭിച്ചില്ലെങ്കില്‍ വിവിധ സംഘടനകള്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പാസഞ്ചേഴ്‌സ് അസോസിയേഷനുകളുടേയും റസിഡന്റ്‌സ് അസോസിയേഷനുകളുടേയും യോഗം രൂപവത്കരിച്ച ജനകീയ കൂട്ടായ്മ വ്യാഴാഴ്ച രാവിലെ നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുക, അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഎം വൈപ്പിന്‍ ഏരിയാ കമ്മിറ്റി വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഗോശ്രീ കവലയില്‍ ധര്‍ണ നടത്തും.
സര്‍വീസ് പുനരാരംഭിച്ച് ജനങ്ങളുടെ യാത്രാ ക്ലേശത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആര്‍.എസ്.പി. വൈപ്പിന്‍ മണ്ഡലം കമ്മിറ്റി, കെ.എല്‍.സി.എ. വൈപ്പിന്‍ മേഖലാ കമ്മിറ്റി, ജനതാദള്‍ (യു) ജില്ലാ സെക്രട്ടറി മുല്ലക്കര സക്കറിയ എന്നിവര്‍ ആവശ്യപ്പെട്ടു.

More Citizen News - Ernakulam