ചെറായി ബീച്ചില്‍ സമുദ്രോത്പന്ന ഭക്ഷ്യമേള

Posted on: 03 Sep 2015ചെറായി: സമുദ്രമത്സ്യങ്ങളുടെ രുചിയേറുന്ന വിഭവങ്ങളുമായി ചെറായി ബീച്ചില്‍ ആരംഭിച്ച 'തരംഗം 2015' ഭക്ഷ്യമേള ശ്രദ്ധേയമാകുന്നു. തീരദേശത്ത് അധിവസിക്കുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളുടെ പിന്നാക്കാവസ്ഥ പരിഹരിച്ച് സമൂഹത്തിലെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിനു കീഴില്‍ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്‍ (സാഫ്) എന്ന സംഘടനയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം ആരംഭിച്ച മേള ആറിന് സമാപിക്കും. ചെമ്മീന്‍ സമൂസ, ഫിഷ്‌ബോള്‍, വിവിധതരം മീന്‍ ബിരിയാണികള്‍, കൂന്തല്‍ അച്ചാര്‍, കിളിമീന്‍ കട്‌ലറ്റ്, കപ്പ പുഴുങ്ങിയതും മീന്‍ കറിയും എന്നിവയാണ് തരംഗത്തിലെ പ്രധാന വിഭവങ്ങള്‍. അന്‍പതിലധികം വരുന്ന കടല്‍മത്സ്യ വിഭവങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.
ജില്ലയില്‍ 276 സാഫ് ആക്ടിവിറ്റി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി സാഫ് തീരമൈത്രി ഉത്പന്നങ്ങളുടെ വിപുലമായ പ്രദര്‍ശന - വില്‍പ്പന മേളയാണ് സംസ്ഥാന വ്യാപകമായി ഒരുക്കിയിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ തീരമൈത്രി മാനേജ്‌മെന്റ് കൗണ്‍സിലുകളുടെ നേതൃത്വത്തിലാണ് ഓണം മേളകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

More Citizen News - Ernakulam