പോലീസിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്കൊപ്പം നിന്നുള്ളതാകണം -സിറ്റി പോലീസ് കമ്മീഷണര്‍

Posted on: 03 Sep 2015കൊച്ചി: സമൂഹവുമായി കൈകോര്‍ത്തുള്ള പ്രവര്‍ത്തനം പോലീസിന് കൃത്യനിര്‍വഹണത്തില്‍ ഏറെ സഹായകരമാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്. പോലീസിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്ക് അറിയാനുള്ള അവസരങ്ങളുണ്ടാകണം. ജനങ്ങളുടെ സുരക്ഷയാണ് പോലീസിന്റെ പ്രധാന ദൗത്യമെന്നും സുരക്ഷാ സജ്ജീകരണങ്ങളുടെ കാര്യത്തില്‍ കൊച്ചി അടക്കമുള്ള നഗരങ്ങള്‍ ഏറെ മുന്നിലാണെന്നും എം.പി. ദിനേശ് പറഞ്ഞു. പുതിയ കമ്മീഷണറായി ബുധനാഴ്ച രാവിലെ ചുമതലയേറ്റശേഷം 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''കൊച്ചിയെ സംബന്ധിച്ചിടത്തോളം വലിയ ക്രമസമാധാന പ്രശ്‌നങ്ങളില്ലാത്ത നഗരമാണ്. എന്നാല്‍, പ്രധാന നഗരമായതിനാല്‍ തന്നെ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ പോലീസിന് ഉറപ്പാക്കേണ്ടതുണ്ട്.
ഗതാഗതത്തിന്റെ കാര്യത്തിലടക്കം വിശദമായി പഠിച്ചശേഷം ആവശ്യമെങ്കില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കും'' - കമ്മീഷണര്‍ വ്യക്തമാക്കി. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് എം.പി. ദിനേശ് ഓഫീസിലെത്തി ചുമതലയേറ്റത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ എം.പി. ദിനേശ് 1976ല്‍ നക്‌സലുകള്‍ കൊലപ്പെടുത്തിയ ഡിവൈ.എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മകനാണ്.
1984ല്‍ പൊന്നാനി സി.ഐ.യായി കേരള പോലീസില്‍ സേവനം ആരംഭിച്ച ദിനേശ് വിജിലന്‍സ് ഡിവൈ.എസ്.പി.യായും ക്രൈംബ്രാഞ്ച് എസ്.പി.യായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, കോട്ടയം ജില്ലകളുടെ പോലീസ് മേധാവിയായും പ്രവര്‍ത്തിച്ചു. 2000ത്തില്‍ മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ ഇദ്ദേഹത്തിന് 2002ലാണ് ഐപിഎസ് ലഭിച്ചത്. രാജ്യത്തിന്റെ ആദരമായി കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡല്‍ ലഭിച്ചതിനു പിന്നാലെയാണ് കൊച്ചി നഗരത്തിന്റെ പോലീസ് മേധാവിസ്ഥാനവും എം.പി. ദിനേശിനെ തേടിയെത്തിയത്.

More Citizen News - Ernakulam