ഏലൂര്‍-കളമശ്ശേരി വ്യവസായ മേഖലയില്‍ ഭൂരിപക്ഷം തൊഴിലാളികളും പണിമുടക്കി

Posted on: 03 Sep 2015ഏലൂര്‍: ദേശീയ പണിമുടക്കില്‍ ഏലൂര്‍, കളമശ്ശേരി വ്യവസായ മേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളും പങ്കെടുത്തു. സ്വകാര്യ മേഖലയിലെയും സംസ്ഥാന മേഖലയിലെയും കേന്ദ്രപൊതുമേഖല വ്യവസായശാലകളിലെയും തൊഴിലാളികള്‍ പണിമുടക്കി. ബാങ്കുകളും സ്‌കൂളുകളും കച്ചവടസ്ഥാപനങ്ങളും തുറന്നില്ല. ഓപ്പറേറ്റര്‍മാര്‍ കുറവായിരുന്നതിനാല്‍ എച്ച്.ഐ.എല്ലിലെ മാംഗോസെബ് പ്ലൂന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചില്ല.
ഓട്ടോറിക്ഷാ തൊഴിലാളികളും ടാക്‌സിജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും സമരത്തില്‍ പങ്കാളികളായി. ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും ഓടി. ഏലൂരിലും കളമശ്ശേരിയിലും നിരവധി സമരാനുകൂലികള്‍ പല സ്ഥലത്തുമായി നിന്നിരുന്നു. എന്നാല്‍ ഇവര്‍ ജോലിക്ക് പോകുന്നവരെ തടസ്സപ്പെടുത്തുകയോ, ഓടിയ വാഹനങ്ങള്‍ തടയുകയോ ചെയ്തില്ല. കഴിഞ്ഞകാലങ്ങളിലെ സമരങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം ജോലിക്ക് കയറാനെത്തിയവര്‍ കുറവായിരുന്നു.
കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ എച്ച്.ഐ.എല്ലിനു മുന്നില്‍ സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., ബി.എം.എസ്. തൊഴിലാളികളും നേതാക്കളും ബുധനാഴ്ച രാവിലെ ഒരുമിച്ച് നിന്നിരുന്നു. ഇതേപോലെ ഐ.ആര്‍.ഇ. ഗേറ്റിനു മുന്നിലും നേതാക്കള്‍ ഉണ്ടായിരുന്നു.
എഫ്.എ.സി.ടി., എച്ച്.ഐ.എല്‍., ഐ.ആര്‍.ഇ., ടി.സി.സി. എന്നീ വ്യവസായശാലകള്‍ക്ക് മുന്നിലൂടെ പോലീസ് റോന്ത് ചുറ്റുന്നുണ്ടായിരുന്നു.
കളമശ്ശേരിയിലെ സമരാനുകൂലികളും നേതാക്കളും ചൊവ്വാഴ്ച രാത്രി മുതല്‍ ഒത്തുകൂടിയിരുന്നത് കളമശ്ശേരി പ്രീമിയര്‍ കവലയ്ക്ക് സമീപമായിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ എച്ച്.എം.ടി. കവലയില്‍ നിന്ന് പ്രീമിയര്‍ കവലയിലേക്ക് പ്രകടനം നടത്തി. ഇവിടെ നടത്തിയ യോഗം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ്, ഐ.എന്‍.ടി.യു.സി. സംസ്ഥാന സെക്രട്ടറി എം.എം. അലിയാര്‍, വി.എ. സക്കീര്‍ ഹുസൈന്‍, പി.എം.എ. ലത്തീഫ്, എ.എം. യൂസഫ്, കെ.കെ. ജയപ്രകാശ്, പി.വി. നാരായണന്‍, ലത്തീഫ് മണലിമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
ഏലൂരില്‍ നടത്തിയ യോഗം പി.എം. അലി ഉദ്ഘാടനം ചെയ്തു. കെ.എം. അമാനുള്ള, സി.എ. നാരായണന്‍കുട്ടി, പി.ജെ. സെബാസ്റ്റ്യന്‍, വി.എ. നാസര്‍. പി.ഡി. ജോണ്‍സണ്‍, എം. സാംബശിവന്‍, പി.എസ്. മുരളി, കുഞ്ഞപ്പന്‍, എം.എസ്. ശിവശങ്കരന്‍, പി.ജി. ശങ്കരന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam