പുതുഹൃദയം മുഴുവന്‍ നന്ദിയുമായി മാത്യു അച്ചാടന്‍ ആസ്​പത്രി വിട്ടു

Posted on: 03 Sep 2015കൊച്ചി: കൂപ്പിയ കൈകളോടെ വിറയാര്‍ന്ന ശബ്ദത്തില്‍ മാത്യു അച്ചാടന്‍ പറഞ്ഞു: എനിക്ക് നന്ദി പറയാനുള്ളത് നീലകണ്ഠ ശര്‍മയുടെ ഹൃദയം എനിക്ക് തന്നവരുടെ മഹാ മനസ്‌കതയ്ക്കാണ്. പിന്നെ എല്ലാവര്‍ക്കും നന്ദി...നന്ദി.
എന്തുകൊണ്ടാണെന്നറിയില്ല, അപ്പോള്‍ ലിസി ആസ്​പത്രിയുടെ ഹാളില്‍ കൂടിയിരുന്നവരില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദാനം കിട്ടിയ ഹൃദയത്തിന്റെ തണലില്‍ പുതുജീവന്‍ നേടിയ മാത്യു അച്ചാടനെ ഡിസ്ചാര്‍ജ് ചെയ്യുന്ന വേളയില്‍ സന്തോഷം പങ്കിടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരെത്തിയിരുന്നു.
മസ്തിഷ്‌കമരണം സംഭവിച്ച പാറശ്ശാല സ്വദേശി നീലകണ്ഠ ശര്‍മയുടെ (46) ഹൃദയം ജൂലായ് 24ന് തിരുവനന്തപുരത്തു നിന്ന് വിമാനത്തിലെത്തിച്ചാണ് മാത്യുവില്‍ വെച്ചുപിടിപ്പിച്ചത്. ആ ദിനങ്ങളില്‍ പ്രാര്‍ത്ഥനയും പിന്തുണയുമായി കേരളമൊട്ടാകെ മാത്യുവിനും കുടുംബത്തിനുമൊപ്പം നിന്നു. ചാലക്കുടി പരിയാരത്ത് ഓട്ടോ ഡ്രൈവറായ മാത്യുവിന് (47) ഹൃദയം മാറ്റിവെയ്ക്കാനുള്ള തുക നാട്ടുകാരുടെ കൂട്ടായ്മയാണ് സ്വരൂപിച്ചത്.
ഹൃദയം മാറ്റിവെച്ച ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ കൈ പിടിച്ചെത്തിയ മാത്യു അച്ചാടനെ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
ശസ്ത്രക്രിയ സമ്പൂര്‍ണ വിജയമായെന്നും ഇതുവരെയുള്ള ടെസ്റ്റ് റിസല്‍റ്റുകള്‍ തൃപ്തികരമാണെന്നും ഡോക്ടര്‍ ജോസ് ചാക്കോ പറഞ്ഞു. ഇപ്പോള്‍ മാത്യുവിന് നടക്കാനും സ്റ്റെപ്പ് കയറാനുമൊക്കെ ബുദ്ധിമുട്ടില്ല. സ്വന്തം കാര്യങ്ങളെല്ലാം സ്വയം നിര്‍വഹിക്കുന്നുണ്ട്. ആസ്​പത്രിക്കടുത്തുള്ള ഫ്‌ലാറ്റിലേക്കാണ് തത്കാലം താമസം മാറ്റുന്നത്. ആഴ്ചതോറും ചെക്കപ്പുണ്ടാകും. രണ്ടാഴ്ച കൂടുമ്പോള്‍ എക്കോ കാര്‍ഡിയോഗ്രാം പോലുള്ള ടെസ്റ്റുകളുമുണ്ടാകും. ആറ് മാസം കഴിയുമ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. ഹൃദയം മാറ്റിവെച്ച ശേഷമുള്ള ഒരു വര്‍ഷം അതീവ ശ്രദ്ധ ആവശ്യമാണെന്നും ഡോക്ടര്‍ ജോസ് ചാക്കോ പറഞ്ഞു. നീലകണ്ഠ ശര്‍മയുടെ കുടുംബത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് മാത്യുവിന്റെ ഭാര്യ ബിന്ദു പറഞ്ഞു. തങ്ങള്‍ക്ക് സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത കാര്യം നടത്തിത്തന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഹൈബി ഈഡന്‍ എം.എല്‍.എ., ലിസി ആസ്​പത്രി അധികൃതര്‍, പരിയാരത്തെ നാട്ടുകാര്‍, പിന്തുണ നല്‍കിയ ലോകമെമ്പാടുമുള്ള മലയാളി സമൂഹം എന്നിവര്‍ക്കെല്ലാം ബിന്ദു നന്ദി പറഞ്ഞു. മക്കളായ അമല്‍, അന്ന, ബന്ധുക്കള്‍, പരിയാരത്തുനിന്നുള്ള നാട്ടുകാര്‍ തുടങ്ങിയവരും ചടങ്ങിലുണ്ടായി. ആസ്​പത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഡോക്ടര്‍മാര്‍, ആസ്​പത്രി സ്റ്റാഫ് തുടങ്ങിയവരും സംബന്ധിച്ചു.

More Citizen News - Ernakulam