കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രതീക്ഷയേറെ; പ്രതിസന്ധിയും

Posted on: 03 Sep 2015കൊച്ചി: പ്രതിഷേധങ്ങളും നിവേദനങ്ങളും പലകുറി ഉന്നതങ്ങളില്‍ ചെന്നെത്തിയ കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന ആവശ്യത്തിന് ഒരു പടി കൂടി മുന്നോട്ടുപോകുന്നത് ആരോഗ്യ മേഖലയ്ക്ക് പ്രതീക്ഷയേകി. ഒരു വര്‍ഷത്തോളം വൈകി കിടക്കുന്ന പദ്ധതിക്ക് വീണ്ടും ഭരണാനുമതി ലഭിച്ചതോടെ പദ്ധതിക്ക് ജീവന്‍വെയ്ക്കുന്നുവെന്ന പ്രതീക്ഷ സജീവമായി. വായ്പയും സാങ്കേതിക നടപടികളും വേഗത്തിലായാല്‍ ഒ.പി. ആരംഭിക്കുന്നതിന് ഒപ്പം നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കാമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
കളമശ്ശേരിയിലെ ഗവ. മെഡി. കോളേജിനോടു ചേര്‍ന്ന പത്ത് ഏക്കര്‍ സ്ഥലമാണ് ഇന്‍സ്റ്റിറ്റിയൂട്ടിന് ഉപയോഗിക്കാമെന്ന് ധാരണയിലെത്തിയത്. ഹോസ്​പിറ്റല്‍ സര്‍വീസ് കണ്‍സള്‍ട്ടന്‍സി കോര്‍പ്പറേഷന്‍ തയ്യാറാക്കിയ കരട് രേഖ സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ചതാണ്. ഇത് പ്രകാരമേ നിര്‍മാണം നടത്തൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിര്‍മാണ ചുമതല ഇവരെത്തന്നെ ഏല്പിക്കണമെന്ന ആവശ്യത്തിന് ഇനിയും സര്‍ക്കാര്‍ വ്യക്തത നല്‍കിയിട്ടില്ല. മെട്രോ മാതൃകയില്‍ ഡി.എം.ആര്‍.സി. ക്ക് ചുമതല നല്‍കിയതുപോലെ എച്ച്.എസ്.സി.സി. യെ ഏല്പിക്കണമെന്ന ആവശ്യം ശക്തമാണ്.
ഭരണാനുമതി ലഭിച്ചതോടെ ഇനി സൊസൈറ്റി രൂപവത്കരണം വേഗത്തിലാക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. പദ്ധതിയുടെ ലെയ്‌സണ്‍ ഓഫീസറായ ആശ തോമസിനാണ് ഏകോപന ചുമതല. സൊസൈറ്റി രൂപവത്കരിച്ചാല്‍ മാത്രമേ എറണാകുളം ജില്ലാ ബാങ്കില്‍ നിന്നുള്ള വായ്പ സ്വീകരിക്കാനും ടെന്‍ഡര്‍ വിളിച്ച് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനും സാധിക്കൂ. എച്ച്.എസ്.സി.സി. രണ്ട് വര്‍ഷമാണ് നിര്‍മാണത്തിന് ആവശ്യപ്പെട്ടത്.
പദ്ധതിക്ക് ആരോഗ്യവകുപ്പിന് താത്പര്യമില്ലെന്ന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ വിമര്‍ശനം സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാകാന്‍ കാരണമായി. ഇതേ തുടര്‍ന്ന് മെഡി. കോളേജ് സന്ദര്‍ശിച്ച ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് തമ്പി സുബ്രഹ്മണ്യവും അഡ്വ. ടി.ബി. മിനിയും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മൂവ്‌മെന്റും പദ്ധതി വൈകുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷനെ ബന്ധപ്പെട്ടിരുന്നു.

More Citizen News - Ernakulam