ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി

Posted on: 03 Sep 2015പെരുമ്പാവൂര്‍: ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി. മുന്നോടിയായി പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രാങ്കണത്തിലും പ്രധാന കേന്ദ്രങ്ങളിലും പതാക ദിനം ആചരിച്ചു. ഗോപൂജ, ഗോകര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടന്നു. ശനിയാഴ്ച വൈകീട്ട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് തുടങ്ങുന്ന ശോഭായാത്രകള്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഗമിച്ച് 4ന് മഹാശോഭായാത്രയായി നഗരത്തെ പ്രദക്ഷിണം വയ്ക്കും. ശ്രീകൃഷ്ണ,രാധാ വേഷങ്ങള്‍ കെട്ടിയ നൂറുകണക്കിന് കുട്ടികള്‍ ശോഭായാത്രയില്‍ അണിനിരക്കും. നിശ്ചലദൃശ്യങ്ങള്‍,വാദ്യ,വര്‍ണ മേളങ്ങള്‍ എന്നിവയുമുണ്ടാകും.
ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ശോഭായാത്ര സമാപിച്ചശേഷം ഉറിയടി ഉണ്ടാകും. ആഘോഷങ്ങളുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരുന്നു. ആല്‍പ്പാറ ക്ഷേത്രത്തില്‍ നിന്ന് വൈകീട്ട് മൂന്നിന് ശോഭായാത്രയാരംഭിക്കും. രാവിലെ 9ന് ഗോപൂജ, ബാബു മാനിക്കാടിന്റെ പ്രഭാഷണം, പ്രസാദ ഊട്ട്, ഉറിയടി എന്നിവയുമുണ്ടാകും. പ്രളയക്കാട് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 3.30ന് വടൂര്‍തൃക്ക മഹാവിഷ്ണുക്ഷേത്രത്തില്‍ സര്‍ൈവശ്വര്യപൂജ നടക്കും. ശനിയാഴ്ച വൈകീട്ട് 3.30ന് പ്രളയക്കാട് മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്ന് ശോഭായാത്ര തുടങ്ങും.പാണ്ടിക്കാട്, മുടക്കുഴ ജംഗ്ഷന്‍ വഴി വടൂര്‍തൃക്ക ക്ഷേത്രത്തില്‍ സമാപിക്കും.പ്രസാദ വിതരണം, ഉറിയടി, വിശേഷാല്‍ ദീപാരാധന തുടങ്ങിയവയുണ്ടാകും.പുല്ലുവഴി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശോഭായാത്രയ്ക്ക് മുന്നോടിയായി ആഘോഷ പ്രമുഖ് അനന്തു അനില്‍കുമാര്‍ പതാക ഉയര്‍ത്തി.

More Citizen News - Ernakulam