ഇരമല്ലൂരില്‍ റോഡരികില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

Posted on: 03 Sep 2015കോതമംഗലം: ഇരമല്ലൂര്‍ ഭഗവതീ ക്ഷേത്രത്തിന് സമീപം അമ്പാടി നഗറില്‍ റോഡരികിലെ കുറ്റിക്കാട്ടില്‍ രണ്ടിടത്തായി സ്‌ഫോടന ശേഷിയുള്ള ഡിറ്റനേറ്ററുകള്‍ കണ്ടത്തി. ബുധനാഴ്ച രാവിലെയാണ് ഒരെണ്ണം കണ്ടെത്തിയത്.മറ്റ് ചില മാലിന്യങ്ങള്‍ക്കൊപ്പം പ്ലാസ്റ്റിക് കൂട്ടില്‍ പൊതിഞ്ഞ് വയര്‍ ഘടിപ്പിച്ച നിലയിലാണ് ഡിറ്റനേറ്റര്‍ കിടന്നിരുന്നത്.സംശയം തോന്നി കൂട് പരിശോധിച്ചതിനാലാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോതമംഗലം എസ്.ഐ.സുധീര്‍ മനോഹറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. പ്രാഥമിക പരിശോധന നടത്തിയ ശേഷം ഡിറ്റനേറ്റര്‍ സമീപത്തെ ക്വാറിയിലേയ്ക്ക് മാറ്റി തിരിച്ചു പോയി. പോലീസ് പോയി ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് മറ്റൊരു ഭാഗത്തു നിന്ന് രണ്ടാമത്തെ ഡിറ്റനേറ്റര്‍ കണ്ടെത്തിയത്.ഇതും വയര്‍ ഘടിപ്പിച്ച് ആദ്യം കണ്ടെത്തിയതിന് സമാന നിലയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇതും ഏറ്റെടുത്തു. പാറമടയിലോ കിണറിലെ പാറ പൊട്ടിക്കാനോ ഉപയോഗിക്കാന്‍ കൊണ്ടു വന്നത് കളഞ്ഞിട്ട് പോയതാകാനാണ് സാധ്യതയെന്നാണ് പോലീസ് നല്‍കിയ വിശദീകരണം. ഈ ഡിറ്റനേറ്ററിന് ചെറിയ സ്‌ഫോടനത്തിനുള്ള ശക്തിേയ ഉള്ളൂവെന്നും പോലീസ് പറഞ്ഞു.

ഇനിയും ഡിറ്റനേറ്ററുകള്‍ കണ്ടെത്താനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പരിശോധന നടത്തണമെന്നും ഇത് എവിടെ നിന്ന് വന്നുവെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും ബി.ജെ.പി. മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

More Citizen News - Ernakulam