സാമൂഹിക വികസനത്തില്‍ ബിനാലെയുടെ പ്രസക്തി: പ്രൊഫ. ഗല്ലയുടെ പ്രഭാഷണം ഇന്ന്‌

Posted on: 03 Sep 2015കൊച്ചി: സമൂഹത്തിന്റെ സുസ്ഥിര വികസനത്തില്‍ കൊച്ചി-മുസ്സിരിസ് ബിനാലെയുടെ പ്രസക്തിയെ അധികരിച്ച് പ്രശസ്ത അക്കാദമീഷ്യന്‍ പ്രൊഫ. അമരേശ്വര്‍ ഗല്ല പ്രഭാഷണം നടത്തുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ലെറ്റ്‌സ് ടോക്ക് പരിപാടിയുടെ ഭാഗമായി 'സാംസ്‌കാരിക മൂല്യങ്ങളുടെ പരിപാലനം' എന്ന വിഷയത്തില്‍ വ്യാഴാഴ്ച വൈകുന്നേരം 5.30ന് ഫോര്‍ട്ട്‌കൊച്ചി ഡേവിഡ് ഹാളിലാണ് പ്രഭാഷണം.
കൊച്ചി ബിനാലെ രണ്ട് എഡിഷനുകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ 2015-നു ശേഷമുള്ള ഐക്യരാഷ്ട്രസഭ അജന്‍ഡയില്‍ ഇന്ത്യയിലെ ഏക ബിനാലെയായ കൊച്ചി ബിനാലെയ്ക്ക് വ്യത്യസ്തതയുള്ള എന്താണ് പ്രദാനം ചെയ്യാന്‍ കഴിയുക എന്നതും സാംസ്‌കാരിക നേതൃത്വത്തിന് എത്രത്തോളം സംഭാവന ചെയ്യാന്‍ കഴിയും എന്നതുമാണ് പ്രഭാഷണത്തില്‍ ചര്‍ച്ച ചെയ്യപ്പെടുക.
2015-നു ശേഷമുള്ള യു.എന്‍. അജന്‍ഡയുടെയും ലോക സാംസ്‌കാരിക ഫോറത്തിന്റെയും മുതിര്‍ന്ന ഉപദേഷ്ടാവാണ് പ്രൊഫ. ഗല്ല. മ്യൂസിയം പഠനത്തില്‍ ഓസ്‌ട്രേലിയയിലെ ആദ്യ പ്രൊഫസറായ അദ്ദേഹം ഇപ്പോള്‍ ബ്രിസ്‌ബെയിന്‍ ക്യൂന്‍സ്ലാന്‍ഡ് സര്‍വകലാശാലയില്‍ മ്യൂസിയം സ്റ്റഡീസ് പ്രൊഫസറാണ്.
മികച്ച സാംസ്‌കാരിക പരിപാലനത്തിനുള്ള വിയറ്റ്‌നാം സര്‍ക്കാറിന്റെ അവാര്‍ഡും യൂറോപ്പിലെ മികച്ച പൈതൃക അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

More Citizen News - Ernakulam